സിമിയെ പുറത്താക്കി; കോൺഗ്രസിലെ കാസ്റ്റിങ് കൗച്ച് അന്വേഷിക്കാൻ സമിതി

സിനിമയിലേതിനു സമാനമായ 'കാസ്റ്റിങ് കൗച്ച്' കോൺഗ്രസ് പാർട്ടിക്കകത്തുമുണ്ടെന്നായിരുന്നു സിമി റോസ്ബെൽ ജോണിന്‍റെ ആരോപണം.
Simi Rosebell John
സിമി റോസ്ബെൽ ജോൺ
Updated on

തിരുവനന്തപുരം: എഐസിസി അംഗം സിമി റോസ്ബെല്ലിന്‍റെ ആരോപണം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചതായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ അറിയിച്ചു. ആരോപണം കഴമ്പില്ലാത്തതാണെന്നും ഇതിനെതിരെ മഹിളാ കോൺഗ്രസ് പരാതി നൽകിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.

ഇതിനിടെ, സിമി റോസ്ബെൽ ജോണിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പുറത്താക്കുകയും ചെയ്തു. പാർട്ടിതല അന്വേഷണം പ്രഖ്യാപിച്ചപ്പോൾ തന്നെ ആരോപണത്തിൽ കഴമ്പില്ലെന്ന പ്രഖ്യാപനം നടത്തിയ സുധാകരൻ, അന്വേഷണ കമ്മിറ്റി പ്രവർത്തനം തുടങ്ങുന്നതിനു മുൻപു തന്നെ ആരോപണം ഉന്നയിച്ച ആളെ പുറത്താക്കുകയാണ് ചെയ്തിരിക്കുന്നത്.

രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോൺഗ്രസിലെ വനിതാ നേതാക്കളെയും പ്രവർത്തകരെയും മാനസികമായി തകർക്കുകയും അവർക്കു മാനഹാനി വരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരോപണം ഉന്നയിച്ചു എന്നു കാണിച്ചാണ് സിമിയെ പുറത്താക്കാൻ സുധാകരൻ നിർദേശിച്ചത്.

പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ കടുത്ത ആരോപണങ്ങളാണ് കോൺഗ്രസ് നേതാവ് സിമി റോസ്ബെൽ ജോൺ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. നേതാക്കളോട് അ‌ടുപ്പമുള്ളവർക്ക് മാത്രമേ അ‌വസരങ്ങൾ ലഭിക്കുന്നുള്ളൂവെന്നും സിനിമയിലേതിന് സമാനമായ 'കാസ്റ്റിങ് കൗച്ച്' കോൺഗ്രസ് പാർട്ടിക്കകത്തുമുണ്ടെന്നുമായിരുന്നു അ‌വരുടെ ആരോപണം.

ദുരനുഭവം ഉണ്ടായ പലരും നേരിട്ട് പറഞ്ഞിട്ടുണ്ട്. അ‌തിനുള്ള തെളിവുകൾ തന്‍റെ പക്കലുണ്ടെന്നും സമയം വരുമ്പോൾ അ‌ത് പുറത്തുവിടുമെന്നും സിമി പറഞ്ഞിരുന്നു.

Trending

No stories found.

Latest News

No stories found.