
സ്വന്തം ലേഖകൻ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി നിര്‍മിച്ച് ഉപയോഗിച്ചുവെന്ന കേസില്‍ പൊലീസ് അന്വേഷണ നടപടികള്‍ തുടങ്ങി. പരാതിക്കാരനായ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്‍റെയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ.എ റഹീം എംപിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
അടുത്ത ദിവസങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെയും ഇതുസംബന്ധിച്ച് ആരോപണമുന്നയിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കത്തയച്ചവരുടെയും മൊഴിയെടുക്കും. വിവിധ ജില്ലകളില്‍ മത്സരിച്ചവരില്‍ ആരോപണം നേരിടുന്നവരുടെയും മൊഴിയെടുക്കും. കേസ് അന്വേഷണത്തിന് എട്ടംഗ അന്വേഷണ സംഘത്തെ കഴിഞ്ഞ ദിവസമാണ് രൂപീകരിച്ചത്. കേസില്‍ സൈബര്‍ ഡോമും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വ്യാജ കാര്‍ഡ് ഉണ്ടാക്കിയിരിക്കാന്‍ സാധ്യതയുള്ള മൊബൈല്‍ ആപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം. ആപ്പ് ഉണ്ടാക്കിയത് സംഘടനാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണോയെന്നും പരിശോധിക്കും.കേസെടുത്ത് അഞ്ച് ദിവസത്തിനുള്ളില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് പ്രത്യേക സംഘത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം ഡിസിപി നിധിന്‍ രാജ് വ്യക്തമാക്കിയിരുന്നു.ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ചയ്ക്കുള്ളില്‍ പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
അതേസമയം മ്യൂസിയം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ആരെയും പ്രതി ചേര്‍ത്തിട്ടില്ല. ഐപിസി 465, 468, 471, ഐടി ആക്ടിലെ 66 സി വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ് മ്യൂസിയം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചുമത്തിയിട്ടുള്ളത്. അതിനിടെ സിപിഎമ്മും ബിജെപിയും വിഷയത്തില്‍ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജരേഖയുണ്ടാക്കി എന്ന ആരോപണം അതീവ ഗൗരവമുള്ള കാര്യമാണെന്നാണ് ഇന്നലെ കാസര്‍ഗോഡ് നവകേരള സദസിന്‍റെ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞത്. മുമ്പ് ഇങ്ങനെ നടന്നിട്ടുണ്ടോ എന്നും തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നതും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള പരിശീലനമാണ് നടന്നതെന്ന ആരോപണമാണ് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇന്നലെ ഉന്നയിച്ചത്. എന്നാല്‍ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച തെളിവുകള്‍ പുറത്ത് വിടാന്‍ ഇടത് കേന്ദ്രങ്ങള്‍ക്കോ ബിജെപിക്കോ കഴിഞ്ഞിട്ടില്ല.