ശബരിമല സ്വർണക്കൊള്ള: മന്ത്രിയും പെടും?

ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടേക്കും
ശബരിമല സ്വർണക്കൊള്ള: മന്ത്രിയും പെടും? Probe may extend to Minister in Sabarimala gold case

ശബരിമല ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണപ്പാളി പുനസ്ഥാപിക്കുന്നു.

Updated on

പ്രത്യേക ലേഖകൻ

കൊച്ചി: ശബരിമല സന്നിധാനത്തെ സ്വർണകൊള്ളയുമായി ബന്ധപ്പെട്ട ഹൈക്കോടതി നിരീക്ഷണം അതിരൂക്ഷമാണെന്ന വിലയിരുത്തലിൽ കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്എടി).

കൃത്യമായി അന്വേഷണം മുന്നോട്ടുപോയില്ലെങ്കിൽ ഹൈക്കോടതിയുടെ കർശനമായ ഇടപെടൽ ഉണ്ടാകുമെന്ന തിരിച്ചറിവിൽ നിലവിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എസ്എടി. പ്രശാന്ത് ഇനി പ്രതിപ്പട്ടികയിൽ വന്നാലും അദ്ഭുതപ്പെടാനില്ല.

ദേവസ്വം ബോർഡിന്‍റെ തിരുവാഭരണം കമ്മിഷണറുടെ മൊഴി ദ്വാരപാലക ശില്‍പ്പ ഇടപാടില്‍ പ്രശാന്തിനെ സംശയ നിഴലിലാക്കുന്നു. ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടെന്ന് എസ്എടി സർക്കാരിനെ അറിയിച്ചു. ഇതോടെയാണ് പ്രശാന്ത് പ്രസിഡന്‍റായ ബോര്‍ഡിന്‍റെ കാലാവധി നീട്ടേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണു വിവരം. എസ്എടി നിലപാട് കടുപ്പിച്ചാല്‍ പ്രശാന്ത് അകത്താകാനാണ് സാധ്യത.

എന്നാൽ, അന്വേഷണം ദേവസ്വം ബോർഡിൽ മാത്രം ഒതുങ്ങില്ലെന്നാണു വിലയിരുത്തൽ. ദേവസ്വം മന്ത്രിയും മുൻ മന്ത്രിയും അടക്കമുള്ള ഉന്നതരുടെ മൊഴിയെടുക്കേണ്ടി വരുമെന്ന സൂചന എസ്എടി നൽകിയിട്ടുണ്ട്. ഹൈക്കോടതി എത്രത്തോളം കടുപ്പിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ഇക്കാര്യത്തിൽ അവർ മുന്നോട്ടുപോകുന്നത്.

2019ലെ ദ്വാരപാലക ശില്‍പ അറ്റകുറ്റപ്പണിയിലൂടെ എത്ര സ്വര്‍ണമാണു നഷ്ടപ്പെട്ടതെന്നു തിട്ടപ്പെടുത്താൻ സ്വര്‍ണം പൂശിയ പാളികളടക്കം തൂക്കി നോക്കണം എന്നു ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 99ല്‍ എത്ര സ്വര്‍ണമായിരിക്കും ശില്‍പങ്ങള്‍ക്ക് സ്വര്‍ണാവരണം നല്‍കാൻ ഉപയോഗിച്ചതെന്നു‌ തിട്ടപ്പെടുത്താന്‍ മറ്റു സ്വര്‍ണാഭരണങ്ങളില്‍ നിന്ന് സാംപിള്‍ എടുക്കണം. 15നകം ഇതിനുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കണം. അടച്ചിട്ട കോടതി മുറിയില്‍ എസ്എടിയോടു വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അവർ റിപ്പോര്‍ട്ടും കൈമാറി. വിഷയം 3ന് വീണ്ടും പരിഗണിക്കും. ഈ സാഹചര്യത്തിലാണ് പ്രശാന്തിനെ ദേവസ്വം ബോര്‍ഡ് അധ്യക്ഷ സ്ഥാനത്ത് നിന്നു മാറ്റുന്നത്.

ദേവസ്വം മാന്വലും ഹൈക്കോടതി ഉത്തരവും കണക്കിലെടുക്കാതെയാണ് 2025 സെപ്റ്റംബറില്‍ ശില്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയ്ക്ക് കൊണ്ടുപോയതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വിലപിടിപ്പുള്ള വസ്തുക്കളുടെ അറ്റകുറ്റപ്പണി ക്ഷേത്രാങ്കണത്തിലാണ് നടത്തേണ്ടത്. ഇക്കാര്യം അറിയില്ലെന്ന് ബോര്‍ഡിന് പറയാനാകില്ല. ശബരിമല കമ്മിഷണറെ വിവരം അറിയിച്ചാല്‍ 2019ലെ ക്രമക്കേടുകള്‍ പിടിക്കപ്പെടുമെന്ന് കരുതിയാകാം രഹസ്യമാക്കി വച്ചത്. 2019ല്‍ അറ്റകുറ്റപ്പണിക്കു ശേഷം ശില്‍പത്തിന്‍റെ തൂക്കത്തില്‍ 4 കിലോയോളമാണ് കുറവുണ്ടായത്. ബോര്‍ഡിന്‍റെ അറിവില്ലാതെ ഇത്തരമൊന്നു നടക്കില്ല. പ്രസിഡന്‍റ്, അംഗങ്ങള്‍ അടക്കം നേരിട്ടോ അല്ലാതെയോ ഉത്തരവാദികളാകും. ഇക്കാര്യവും എസ്‌ഐടി അന്വേഷിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.

ശ്രീകോവിലിന്‍റെ വാതില്‍, ദ്വാരപാലക ശില്‍പം തുടങ്ങിയവയുടെ അറ്റകുറ്റപ്പണിയുടെ പേരില്‍ നടന്ന സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ അന്താരാഷ്‌ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന കലാരൂപ കള്ളക്കടത്തുകാര്‍ക്ക് പങ്കുണ്ടോ എന്നു ഹൈക്കോടതി നിലപാട് കടുപ്പിച്ചിരുന്നു.

അതിനിടെ, സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി. ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. എ. പദ്മകുമാര്‍ പ്രസിഡന്‍റായിരുന്ന ഭരണസമിതിയില്‍ സിപിഐ പ്രതിനിധിയായിരുന്നു ശങ്കരദാസ്. കേരള കേഡര്‍ ഐപിഎസുകാരനായ ഡിഐജി ഹരിശങ്കറിന്‍റെ പിതാവാണ് ശങ്കരദാസ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com