പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അന്വേഷണം ഉന്നത ഉദ‍്യോഗസ്ഥരിലേക്ക്, മൂന്ന് പേരുടെ മൊഴിയെടുത്തു

ചോദ‍്യപേപ്പർ മൂല‍്യനിർണയവുമായി ബന്ധപ്പെട്ട് ഡെപ‍്യൂട്ടി സെക്രട്ടറി, ജൂനിയർ സുപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിങ്ങനെ മൂന്ന് ഉദ‍്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്
PSC exam irregularities: Investigation into high-ranking officials

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അന്വേഷണം ഉന്നത ഉദ‍്യോഗസ്ഥരിലേക്ക്, മൂന്ന് പേരുടെ മൊഴിയെടുത്തു

File photo

Updated on

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ഉന്നത ഉദ‍്യഗോസ്ഥരിലേക്ക് അന്വേഷണം നീളുന്നു. ഇതിനോടകം ചോദ‍്യപേപ്പർ മൂല‍്യനിർണയവുമായി ബന്ധപ്പെട്ട് ഡെപ‍്യൂട്ടി സെക്രട്ടറി, ജൂനിയർ സുപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിങ്ങനെ മൂന്ന് ഉദ‍്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മൂല‍്യനിർണയത്തിലെ വീഴ്ചകൾ സംബന്ധിച്ചും അന്വേഷണമാരംഭിച്ചു.

പത്ത് മാർക്കിന്‍റെ ചോദ‍്യങ്ങൾ ഒഴിവാക്കികൊണ്ടായിരുന്നു മൂല‍്യനിർണയം നടത്തിയിരുന്നത്. വിവേചനാധികാരം വിനിയോഗിച്ചതിൽ സ്വജനപക്ഷപാതം ഉണ്ടായിട്ടുണ്ടോ, വിവരണാത്മക ഉത്തരങ്ങളുടെ പരിശോധനയിൽ വീഴ്ചയുണ്ടായോ എന്നീ കാര‍്യങ്ങളിൽ അടക്കം അന്വേഷണമുണ്ടാകും.

ആസൂത്രണ ബോർഡിൽ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ) തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിർണയത്തിലാണ് പിഎസ്‌സിക്ക് പിഴവ് സംഭവിച്ചത്. പരീക്ഷയിൽ ഉദ്യോഗാർഥികൾ എഴുതിയ നിരവധി ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ മനഃപൂർവം ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു.

പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾ ഫീസടച്ച് ഉത്തരക്കടലാസിന്‍റെ പകർപ്പ് പരിശോധിച്ചപ്പോഴാണ് ഈ ഞെട്ടിക്കുന്ന ക്രമക്കേട് വെളിച്ചത്തുവന്നത്. ആലപ്പുഴ മുഹമ്മ സ്വദേശിയായ ഒരു ഉദ്യോഗാർഥിയുടെ ഉത്തരക്കടലാസിൽ മാത്രം ഒമ്പതുമുതൽ 18 വരെയുള്ള പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്തിയിരുന്നില്ല. ആകെയുള്ള നൂറു മാർക്കിൽ 58 മാർക്കും ഈ ചോദ്യങ്ങൾക്കുള്ളതാണ്. എന്നാൽ, ബാക്കിയുള്ള ചോദ്യങ്ങൾക്ക് മാത്രമാണ് ഉദ്യോഗാർഥിക്ക് മാർക്ക് നൽകിയത്.

logo
Metro Vaartha
www.metrovaartha.com