
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റി.
അസിസ്റ്റന്‍റ് പ്രിസൺ ഓഫീസർ തസ്തികയിലേയ്ക്കുള്ള കായികക്ഷമതാ പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതാണ്. അതേസമയം, മറ്റ് ജില്ലകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ ജാർഖണ്ഡിനും അതിനോട് ചേർന്ന വടക്കൻ ഛത്തിസ്ഗഡിനും മുകളിൽ ന്യൂനമർദവും മധ്യ മഹാരാഷ്ട്രയ്ക്ക് മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതുമൂലം കേരളത്തിൽ അടുത്ത 5 ദിവസം മഴയും ഇടിമിന്നലും തുടരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.