പിഎസ്‌സി ഇന്‍റർവ്യൂ; ഇനംതിരിച്ച് എഴുതണം, പകർപ്പ് നൽകണമെന്നും വിവരാവകാശ കമ്മിഷൻ

സ്കോർഷീറ്റിലെ എല്ലാ കോളങ്ങളും ഇന്‍റർവ്യൂ ബോഡ് അംഗങ്ങൾ പൂരിപ്പിക്കണമെന്നാണ് ചട്ടം.
PSC interview; Write it down in detail and provide a copy, says RTI Commission

പിഎസ്‌സി ഇന്‍റർവ്യൂ; ഇനംതിരിച്ച് എഴുതണം, പകർപ്പ് നൽകണമെന്നും വിവരാവകാശ കമ്മിഷൻ

Updated on

തിരുവനന്തപുരം: ഉദ്യോഗ നിയമനങ്ങളിലെ അഴിമതി തടയാൻ അഭിമുഖങ്ങളിൽ ഉദ്യോഗാർഥികൾക്ക് ലഭിക്കുന്ന മാർക്ക് ഇനം തിരിച്ച് രേഖപ്പെടുത്തണമെന്നും വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാൽ പകർപ്പ് നൽകണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൾ ഹക്കീം ഉത്തരവായി.

ഇന്‍റർവ്യൂ ബോർഡ് അംഗങ്ങൾ സ്കോർഷീറ്റ് മുഴുവനും പൂരിപ്പിക്കാതെ ആകെ മാർക്ക് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന വിശദീകരണങ്ങൾ തള്ളിയാണ് കമ്മിഷന്‍റെ നിർദേശം. കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയസ് കോളെജിൽ ഓഫീസ് അസിസ്റ്റന്‍റ് നിയമനത്തിൽ ക്രമക്കേടുണ്ടായി എന്നാരോപിച്ചും ഇന്‍റർവ്യൂ സ്കോർ ഷീറ്റിന്‍റെ പകർപ്പ് ആവശ്യപ്പെട്ടും സമർപ്പിച്ച രണ്ടാം അപ്പീൽ തീർപ്പാക്കിയാണ് കമ്മിഷൻ എല്ലാ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ബാധകമാകുന്ന പൊതുഉത്തരവ് പുറപ്പെടുവിച്ചത്.

പത്തനംതിട്ട സ്വദേശി ശ്രീവൃന്ദ നായർക്ക് അസിസ്റ്റന്‍റ് പ്രൊഫസർ ജോലി നിഷേധിക്കാൻ എംജി സർവകലാശാല അധികൃതർ പറഞ്ഞതും സ്കോർ ഷീറ്റിൽ വിശദാംശം ഇല്ലെന്നാണ്. ഇത് അനാസ്ഥയോ അഴിമതിക്ക് കൂട്ടുനിൽക്കലോ ആണ്. തൊഴിലുടമയ്ക്ക് ഇഷ്ടമുള്ളവരെ നിയമിക്കാൻ വഴിയൊരുക്കലുമാണ്.

സ്കോർഷീറ്റിലെ എല്ലാ കോളങ്ങളും ഇന്‍റർവ്യൂ ബോഡ് അംഗങ്ങൾ പൂരിപ്പിക്കണമെന്നാണ് ചട്ടം. ഇത് കൃത്യമായി പാലിക്കാൻ ആവശ്യപ്പെട്ട് സർക്കാർ ഉത്തരവിറക്കണമെന്ന് കമ്മിഷൻ നിർദേശിച്ചു. ഇതനുസരിച്ച് സെക്രട്ടേറിയറ്റിലെ പൊതുഭരണ സെക്രട്ടറി സർക്കുലർ പുറപ്പെടുവിക്കണം. അതിൽ ഇന്‍റർവ്യൂവിന് ഉദ്യോഗാർഥികൾ നേടുന്ന ആകെ മാർക്കും സ്കോർഷീറ്റിലെ കോളങ്ങളിൽ അവ ഇനം തിരിച്ചും രേഖപ്പെടുത്തുകയും അവയുടെ വിഭജിത വിശദാംശം വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കാൻ പാകത്തിൽ സൂക്ഷിക്കുകയും വേണമെന്ന് നിർദേശിക്കണം.

ആ നിർദേശം എല്ലാ സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളും സർവ്വകലാശാലകളും അഫലിയേറ്റഡ്/എയിഡഡ് കോളെജുകളും സ്കൂളുകളും സമാന സ്വഭാവത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും നടപ്പിലാക്കണം.

ഇല്ലാത്ത സ്കോർ ഷീറ്റും ഇനംതിരിച്ച കണക്കും ഉണ്ടെന്ന് കമ്മിഷനോടു പറയുകയും അവ കക്ഷിക്ക് നൽകാതെ നൽകിയെന്ന് എഴുതി അറിയിക്കുകയും ചെയ്ത കോളെജിലെ വിവരാധികാരി റിനു സാം ആർടിഐ നിയമം വകുപ്പ് ഏഴ് ലംഘിച്ചു. ഇതിനുള്ള വിശദീകരണം ജൂൺ 23നകം സമർപ്പിക്കണമെന്നും ജൂൺ 26ന് കമ്മിഷൻ ആസ്ഥാനത്ത് നേരിൽ ഹാജരാകണമെന്നും ഉത്തരവുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com