ലൈംഗിക പീഡനക്കേസ്; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

കോടതി നിർദ്ദേശപ്രകാരം സ്റ്റേഷൻ ജാമ്യത്തിലാണ് കുഞ്ഞുമുഹമ്മദിനെ വിട്ടയച്ചത്
pt kunjumohmmed rape case

സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

Updated on

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ചൊവ്വാഴ്ച രാവിലെയാണ് പി.ടി. കുഞ്ഞുമുഹമ്മദ് സ്‌റ്റേഷനിൽ ഹാജരായത്. കുഞ്ഞുമുഹമ്മദിന് കോടതി നേരത്തെ മുൻകൂർ ജാമ്യം നൽകിയിരുന്നു. കോടതി നിർദ്ദേശ പ്രകാരം സ്റ്റേഷൻ ജാമ്യത്തിലാണ് കുഞ്ഞുമുഹമ്മദിനെ വിട്ടയച്ചത്. വനിതാ ചലച്ചിത്ര പ്രവർത്തകയാണ് മുൻ എംഎൽഎ കൂടിയായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരേ പരാതി നല്‍കിയത്.

കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഐഎഫ്എഫ്കെയിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പിനായുള്ള ജൂറി ചെയർമാനായിരുന്നു പി.ടി. കുഞ്ഞുമുഹമ്മദ്.

കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ ജൂറി അംഗമായ സ്ത്രീയോട് ഹോട്ടൽ മുറിയിൽ വച്ച് മോശമായി പെരുമാറിയെന്നാണ് കേസ്. ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷന്‍ വേണ്ടിയുള്ള കമ്മിറ്റിയില്‍ പരാതിക്കാരിയായ ചലച്ചിത്രപ്രവർത്തകയുമുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങൾ താമസിച്ചിരുന്നത്. സ്ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്.

ഈ പരാതി മുഖ്യമന്ത്രി പൊലീസിന് കൈമാറുകയായിരുന്നു. പൊലീസിനോടും ചലച്ചിത്ര പ്രവർത്തക പരാതി ആവർത്തിച്ചു. പരാതിയില്‍ പറയുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് കേസെടുത്തത്. അതേസമയം, പരാതി കുഞ്ഞുമുഹമ്മദ് നിഷേധിച്ചു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അവരോട് മാപ്പ് പറയാൻ തയ്യാറാണെന്നും പി.ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com