പുഷ്പൻ വിടവാങ്ങി, കനലോർമകളിലേക്ക്...

കൂത്തുപറമ്പ് പൊലീസ് വെടിവയ്പില്‍ ശയ്യാവലംബിയായി മുപ്പതോളം വര്‍ഷം ജീവിതത്തോട് മല്ലിട്ട പുഷ്പൻ ഇനി ജ്വലിക്കുന്ന ഓർമ
Pushpan
പുഷ്പൻ
Updated on

കണ്ണൂര്‍: കൂത്തുപറമ്പ് പൊലീസ് വെടിവയ്പില്‍ ശയ്യാവലംബിയായി മുപ്പതോളം വര്‍ഷം ജീവിതത്തോട് മല്ലിട്ട ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ (53) ഇനി ജ്വലിക്കുന്ന ഓർമ. പുഷ്പന്‍റെ സംസ്ക്കാരം മുദ്രാവാക്യങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ വീട്ടുവളപ്പിൽ നടത്തി.

കോഴിക്കോട് യൂത്ത് സെന്‍ററിലെ പൊതുദർശനത്തിനുശേഷം ഇന്ന് രാവിലെ എട്ട് മണിയോടെ വിലാപയാത്ര കണ്ണൂർ ജില്ലയിലേക്ക് തിരിച്ചു. വഴിയിൽ ഉടനീളം പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ പതിനായിരങ്ങളാണ് കാത്തുനിന്നത്. കൊയിലാണ്ടി, വടകര, ഓഞ്ചിയം, നാദാപുരം, മാഹി എന്നിവിടങ്ങളിലെല്ലാം പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ജനസഞ്ചയം ഒഴുകിയെത്തി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരധിയാളുകളാണ് കോഴിക്കോട് മുതലുള്ള വിവിധ കേന്ദ്രങ്ങളിൽ പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിച്ചത്.

പുഷ്പന്‍റെ മൃതദേഹം തലശേരി ടൗണ്‍ ഹാളിലും ചൊക്ളി രാമവിലാസം സ്കൂളിലും പൊതുദര്‍ശനത്തിന് വച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉൾപ്പടെയുള്ള നേതാക്കൾ സഖാവ് പുഷ്പന്‍റെ മൃതദേഹം തോളിലേറ്റി.

വൈകിട്ട് പുഷ്പന്‍റെ മൃതദേഹം ചൊക്ലി ഗ്രാമത്തിലെ മേനപ്രയിലുള്ള പുതുക്കുടി വീട്ടിലെത്തിച്ചു. ഏറെ വികാരഭരിതമായ അന്തരീക്ഷത്തിൽ കുടുംബാംഗങ്ങൾ പുഷ്പന് അന്ത്യാജ്ഞലി അർപ്പിച്ചു. ഇടമുറിയാതെ മുദ്രാവാക്യങ്ങളുയർന്ന അതിവൈകാരികമായ അന്തരീക്ഷത്തിലാണ് ഭൗതിക ശരീരം 5.45 ഓടെ മേനപ്രം വീട്ടുവളപ്പില്‍ സംസ്കാരിച്ചത്.

സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളായ ഇ.പി. ജയരാജന്‍, പി. ജയരാജന്‍, എം.വി. ജയരാജന്‍, എ.എ. റഹീം എംപി എന്നിവരടക്കം നിരവധി നേതാക്കളും സാധാരണ പ്രവര്‍ത്തകരും പുഷ്പന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കം മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് പുഷ്പന് നാട് വിട നല്‍കിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com