വോട്ടു ചെയ്തത് പുതുപ്പള്ളിയാണെങ്കിലും ഫലത്തില്‍ പ്രതിഫലിച്ചത് കേരളത്തിന്‍റെ പൊതുമനസ്: വി.ഡി. സതീശൻ

പോരായ്മകള്‍ തിരിച്ചറിഞ്ഞു, അത് തിരുത്തി. സംഘടനാ സംവിധാനത്തെ കുറ്റമറ്റരീതിയില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിപ്പിക്കാനായി
vd satheesan fb post
vd satheesan fb post

കോട്ടയം: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ്റെ ഗംഭീര വിജയത്തിന് ശേഷം കേരള ജനതയ്ക്കും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് നന്ദി അറിയിച്ചത്.

അതേസമയം പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടിഉമ്മൻ്റെ ഉന്നത വിജയത്തിൻ്റെ പിന്നിലെ കരങ്ങൾ പ്രതിപക്ഷനേതാവിന്‍റേതാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കോട്ടയത്ത് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വി.ഡി സതീശന്‍റെ പ്രതികരണം.

വി.ഡി സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ഏത് കേഡര്‍ പാര്‍ട്ടിയെയും വെല്ലുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താനും വിജയത്തിലെത്തിക്കാനുമുള്ള സംഘടനാശേഷി യു.ഡി.എഫിനുണ്ടെന്ന് തൃക്കാക്കരയ്ക്ക് പിന്നാലെ പുതുപ്പള്ളിയിലും നമ്മള്‍ തെളിയിച്ചു. ജനവിരുദ്ധ സര്‍ക്കാരിനെതിരെ പേരാടാനും മുന്നോട്ട് കുതിക്കാനുമുള്ള ഇന്ധനമാണ് ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി ഇന്ന് യു.ഡി.എഫിന് നല്‍കിയത്. സ്‌നേഹം കൊണ്ട് ലോകം ജയിച്ച ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളി തിരിച്ച് നല്‍കിയ ആദരവാണ് യു.ഡി.എഫിന്‍റെ ചരിത്ര വിജയം. സര്‍ക്കാരിനെതിരായ ജനവികാരം എത്രമാത്രം വലുതാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. വോട്ടു ചെയ്തത് പുതുപ്പള്ളിയാണെങ്കിലും ഫലത്തില്‍ പ്രതിഫലിച്ചത് കേരളത്തിന്‍റെ പൊതുമനസാണ്.

ടീം യുഡിഎഫിനുള്ളതാണ് ഈ വിജയത്തിന്റെ ക്രെഡിറ്റ്. രാപ്പകല്‍ വ്യത്യാസമില്ലാതെ പ്രവര്‍ത്തകരും നേതാക്കളും ഒരേ മനസോടെ പ്രവര്‍ത്തിച്ചു. പോരായ്മകള്‍ തിരിച്ചറിഞ്ഞു, അത് തിരുത്തി. സംഘടനാ സംവിധാനത്തെ കുറ്റമറ്റരീതിയില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിപ്പിക്കാനായി. കൂട്ടായ്മയുടെയും സംഘബോധത്തിന്റെയും സ്‌നേഹത്തിന്റെയും വിജയമാണ് പുതുപ്പള്ളിയില്‍ കണ്ടത്. ഒറ്റക്കെട്ടായി നിന്ന് പോരാടിയാല്‍ ലോക്‌സഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലും നമുക്ക് വിജയം ആവര്‍ത്തിക്കാം. ജനങ്ങള്‍ ആഗ്രഹിക്കുന്നതു പോലെ ഈ ജനവിരുദ്ധ സര്‍ക്കാരിനെ 2026ല്‍ താഴെയിറക്കാം. പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ക്കും ഒപ്പം നിന്ന കേരള ജനതയ്ക്കും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നന്ദി. ഹൃദയാഭിവാദ്യങ്ങള്‍.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com