പുതുപ്പള്ളി പോളിങ് ബൂത്തിലേക്ക്

പോളിങ് സ്റ്റേഷൻ്റെ 100 മീറ്റർ പരിധിക്കുള്ളിൽ മൊബൈൽ ഫോണുകൾ കൈയിൽ കരുതാനോ ഉപയോഗിക്കാനോ അനുവദിക്കില്ല
Puthupally by election
Puthupally by election

കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച രാവിലെ 7മണി മുതൽ വൈകിട്ട് 6 മണി വരെ. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്റ്റർ വി. വിഘ്നേശ്വരി അറിയിച്ചു. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരാണുള്ളത്. പോളിങ് സാമഗ്രികളുടെ വിതരണവും പൂർത്തിയായി.

വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 182 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. 182 പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 5.30 മുതൽ പോളിങ് അവസാനിക്കുന്നതുവരെയുള്ള പോളിങ് ബൂത്തുകളിലെ നടപടികൾ കലക്ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം അറിയാം. പോളിങ് സ്റ്റേഷൻ്റെ 100 മീറ്റർ പരിധിക്കുള്ളിൽ മൊബൈൽ ഫോണുകൾ കൈയിൽ കരുതാനോ ഉപയോഗിക്കാനോ അനുവദിക്കില്ല. തെരഞ്ഞെടുപ്പു കമ്മീഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകർക്കും തെരഞ്ഞെടുപ്പ്, സുരക്ഷാ ജീവനക്കാർക്കും മാത്രമാണ് മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതിയുള്ളത്.

വോട്ടെടുപ്പിന്‍റെ സുരക്ഷയ്ക്കായി 675 അംഗ പൊലീസ് സേനയെയാണ് നിയോഗിച്ചിരിക്കുന്നത്. 5 ഡിവൈ.എസ്.പിമാർ, 7 സി.ഐമാർ, 58 എസ്.ഐ/എ.എസ്.ഐമാർ, 399 സിവിൽ പൊലീസ് ഓഫീസർമാർ, 142 സായുധ പൊലീസ് ബറ്റാലിയൻ അംഗങ്ങൾ, 64 കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങൾ(സി.എ.പി.എഫ്) എന്നിവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. എ.ഡി.ജി.പി, ഡി.ഐ.ജി, സോണൽ ഐ.ജി, ജില്ലാ പൊലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ സ്ട്രൈക്കിങ് ഫോഴ്സും പ്രവർത്തിക്കും.

വോട്ട് ചെയ്യുന്നതിന് ഫോട്ടോ പതിച്ച വോട്ടർ തിരിച്ചറിയൽ കാർഡാണ് വോട്ടറെ തിരിച്ചറിയാനുള്ള പ്രധാന രേഖ. ആധാർ കാർഡ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയൽ കാർഡ്, ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നൽകിയിട്ടുള്ള ആരോഗ്യ പരിരക്ഷാ സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, ദേശീയ ജനസംഖ്യ രജിസ്റ്ററിനു കീഴിൽ (എൻപിആർ) രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (ആർജിഐ) നൽകിയ സ്മാർട്ട് കാർഡ്, ഇന്ത്യൻ പാസ്‌പോർട്ട്, ഫോട്ടോ പതിച്ച പെൻഷൻ രേഖ കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ/പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ ജീവനക്കാർക്കു നൽകുന്ന സർവീസ് തിരിച്ചറിയൽ കാർഡ്, എം.പി/എം.എൽ.എ/എം.എൽ.സി എന്നിവർക്കു നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, ഭാരതസർക്കാർ സാമൂഹികനീതി- ശാക്തീകരണമന്ത്രാലയം നൽകുന്ന സവിശേഷ ഭിന്നശേഷി തിരിച്ചറിയൽ കാർഡ് എന്നിവ ഹാജരാക്കിയാലും വോട്ട് ചെയ്യാം.

പോളിങ് ബൂത്തുകളുടെയും രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും സജ്ജീകരിക്കുന്ന ക്യാമ്പുകൾക്ക് സമീപവും അനാവശ്യമായ ആൾക്കൂട്ടം പാടില്ല. വോട്ടെടുപ്പ് ദിവസം വാഹനങ്ങൾ ഓടിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കണം. പെർമിറ്റ് വാങ്ങി വാഹനങ്ങളിൽ പ്രദർശിപ്പിക്കണം. സമ്മതിദായകർ ഒഴികെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെയോ ജില്ലാ ഇലക്ഷൻ ഓഫീസറുടെയോ നിയമാനുസൃത പാസ് ഇല്ലാത്ത ആരും പോളിങ് ബൂത്തുകളിൽ പ്രവേശിക്കരുത്. സെപ്റ്റംബർ 8നാണ് വോട്ടെണ്ണൽ. കോട്ടയം ബസേലിയോസ് കോളെജ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ള കൗണ്ടിങ് കേന്ദ്രത്തിൽ രാവിലെ 8 മുതൽ വോട്ടെണ്ണൽ ആരംഭിക്കും. 13 റൗണ്ടുകളായാണ് വോട്ടെണ്ണൽ നടക്കുക. വോട്ടെണ്ണലിന് 74 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com