കൊട്ടിക്കലാശത്തിൽ ആറാടി പുതുപ്പള്ളി; ഇനി നിശബ്ദ പ്രചാരണം

കൊട്ടിക്കലാശത്തിൽ ആറാടി പുതുപ്പള്ളി; ഇനി നിശബ്ദ പ്രചാരണം

എല്ലാ മുന്നണികളിലെയും പ്രധാന നേതാക്കളെല്ലാം കൊട്ടിക്കലാശത്തിന് ആവേശം പകരാൻ എത്തിച്ചേർന്നിരുന്നു.
Published on

പുതുപ്പള്ളി: ആവേശഭരിതമായ കൊട്ടിക്കലാശത്തോടെ പുതുപ്പള്ളിയിൽ ഒരു മാസം നീണ്ടു നിന്ന തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്ക് കൊടിയിറങ്ങി. പാമ്പാടിയാണ് രാഷ്ട്രീയ പാർട്ടികൾ പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിന ആഘോഷത്തിനായി തെരഞ്ഞെടുത്തത്. വാദ്യമേളങ്ങളും ആർപ്പുവിളികളുമായി ഇതു വരെ കാണാത്തത്ര ആവേശഭരിതമായ കൊട്ടിക്കലാശത്തിനാണ് ഇത്തവണ പുതുപ്പള്ളി സാക്ഷിയായത്. എല്ലാ മുന്നണികളിലെയും പ്രധാന നേതാക്കളെല്ലാം കൊട്ടിക്കലാശത്തിന് ആവേശം പകരാൻ എത്തിച്ചേർന്നിരുന്നു.

മൂന്നു മണിയോടെ തുടങ്ങിയ ആഘോഷം വാദ്യമേളത്തിനൊടുവിൽ വെടിക്കെട്ടോടെയാണ് അവസാനിച്ചത്. ഇടത് മുന്നണി സ്ഥാനാർഥി ജെയ്ക് സി. തോമസും എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലും കൊട്ടിക്കലാശത്തിൽ പങ്കെടുക്കാനായെത്തിയിരുന്നു. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ കൊട്ടിക്കലാശത്തിനായി എത്തിയില്ല. പിതാവ് മരിച്ച സാഹചര്യത്തിൽ കൊട്ടിക്കലാശം ഒഴിവാക്കുന്നുവെന്നായിരുന്നു വിശദീകരണം. പകരം മണർകാടു മുതൽ അയർക്കുന്നത്തേക്ക് കാൽനടയായി സഞ്ചരിച്ച് വോട്ട് അഭ്യർഥിച്ചു. ഉച്ചക്ക് മുൻപ് ശശി തരൂരിന്‍റെ നേതൃത്വത്തിൽ നടത്തിയ റോഡ് ഷോയിൽ ചാണ്ടി ഉമ്മൻ പങ്കെടുത്തിരുന്നു. ആറുമണിയോടെ കൊട്ടിക്കലാശം അവസാനിച്ചു. തിങ്കളാഴ്ചത്തെ നിശബ്ദ പ്രചാരണത്തിനു ശേഷം ചൊവ്വാഴ്ച പുതുപ്പള്ളിയിൽ പോളിങ് നടത്തും. മുൻ മുഖ്യമന്ത്രിയും എംഎൽഎയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മരണത്തെത്തുടർന്നാണ് പുതുപ്പള്ളി വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

logo
Metro Vaartha
www.metrovaartha.com