
# ബിനീഷ് മള്ളൂശേരി
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ നടക്കുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് രാവിലെ 7ന് ആരംഭിച്ചു. 6 മണിയോടെ മോക്ക് പോളിങ് ആരംഭിച്ച് മണ്ഡലത്തിലെ 182 ബൂത്തുകളിലും കൃത്യസമയത്ത് തന്നെ വോട്ടെടുപ്പ് തുടങ്ങി. എവിടെയും വോട്ടിങ് യന്ത്രത്തിന് തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഉണ്ട്. തെരഞ്ഞെടുപ്പ് നടപടികൾ കലക്‌ട്രേറ്റിലെ കൺട്രോൾറൂമിലൂടെ തത്സമയം നിരീക്ഷിക്കുന്നുണ്ട്. വൈകിട്ട് 6മണിക്കാണ് തെരഞ്ഞെടുപ്പ് അവസാനിക്കുക.
മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി ജെയ്ക് സി. തോമസ് മണർകാട് കണിയാംകുന്ന് ഗവ. എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. വലത് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിൽ 9 മണിക്ക് വോട്ട് രേഖപ്പെടുത്തും. എൻഡിഎ സ്ഥാനാർഥി ലിജിൻലാലിന് മണ്ഡലത്തിൽ വോട്ടില്ല. മണ്ഡലത്തിൽ മൊത്തം 182 ബൂത്തുകളാണുള്ളത്. 1,76,417 മൊത്തം വോട്ടർമാരുള്ളതിൽ 86,132 പുരുഷന്മാരും, 90281സ്ത്രീകളും, 4 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടുന്നു. 9 മണിയോടെ 14.78% വോട്ടുകൾ പോൾ ചെയ്തു. ആകെ രേഖപ്പെടുത്തിയ വോട്ടുകൾ: 26083, പുരുഷന്മാർ: 14127, സ്ത്രീകൾ: 11956, ട്രാൻസ്ജെൻഡർ: 0
പിങ്ക് ബൂത്തുകളിലേക്ക് സ്വാഗതം:
10 പോളിങ് സ്റ്റേഷനുകൾ പൂർണമായും വനിതകളാണ് നിയന്ത്രിക്കുന്നത്. ഈ ബൂത്തുകളിൽ പോളിങിന്റേയും സുരക്ഷയുടേയും ചുമതല വനിതകൾക്കാണ്. പുതുപ്പള്ളി ഡോൺ ബോസ്‌കോ സെൻട്രൽ സ്‌കൂൾ(135), തോട്ടയ്ക്കാട് ഗവൺമെന്റ് എച്ച്.എസ്.എസ് (177), വാകത്താനം ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ (168), മീനടം പഞ്ചായത്ത് ഓഫീസ് (146), ളാക്കാട്ടൂർ മഹാത്മ ഗാന്ധി മെമ്മോറിയൽ എച്ച്.എസ് (55), തിരുവഞ്ചൂർ തൂത്തുട്ടി സി.എം.എസ് എൽ. പി.എസ് (19), പാമ്പാടി എം.ജി.എം.എച്ച്.എസ് (102), പൂവത്തിളപ്പ് മണലുങ്കൽ സെന്റ് അലേഷ്യസ് എച്ച്.എസ് (40), മണർകാട് ഗവൺമെന്റ് എൽ.പി.എസ് (72), കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ളവർ എൽ.പി.എസ് (44) എന്നീ ബൂത്തുകളാണ് വനിതകൾ മാത്രം നിയന്ത്രിക്കുന്നത്.
കുട്ടികൾക്ക് പലഹാരങ്ങൾ:
തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാം)പരിപാടിയുടെ ഭാഗമായി വോട്ട് ചെയ്യാൻ എത്തുന്ന മാതാപിതാക്കൾക്കൊപ്പം വരുന്ന കുട്ടികൾക്ക് ബൂത്തുകളിൽ ചെറുധാന്യങ്ങൾ അടങ്ങിയ പലഹാരങ്ങൾ നൽകുന്നുണ്ട്. റാഗി കുക്കീസ്, ഡ്രൈ ഫ്രൂട്ട്, നട്‌സ് ഇവയാണ് കുട്ടികൾക്ക് നൽകുന്നത്. 12 വയസിന് താഴെയുള്ള കുട്ടികൾക്കാണ് ഇവ വിതരണം ചെയ്യുന്നത്. എൻ.എസ്.എസ് വോളന്റിയേഴ്‌സ്/ അങ്കണവാടി പ്രവർത്തകർ ആണ് ഇവ വിതരണം ചെയ്യുന്നത്. ഐക്യരാഷ്ട്ര സംഘടന ഈ വർഷം രാജ്യാന്തര മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായിട്ടാണ് ഈ പരിപാടി.
വോട്ടർമാരുടെ പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള ശതമാനനിരക്ക്:
18-19 നും ഇടയിൽ പ്രായമുള്ളവർ- 0.64 %
20-29 നും ഇടയിൽ പ്രായമുള്ളവർ- 14.80 %
30-39 നും ഇടയിൽ പ്രായമുള്ളവർ- 16.83 %
40-49 നും ഇടയിൽ പ്രായമുള്ളവർ-19.33 %
50-59 നും ഇടയിൽ പ്രായമുള്ളവർ- 20.08 %
60-69 നും ഇടയിൽ പ്രായമുള്ളവർ -15.59 %
70-79 നും ഇടയിൽ പ്രായമുള്ളവർ- 9.11 %
80-89 നും ഇടയിൽ പ്രായമുള്ളവർ- 3.06 %
90-99 നും ഇടയിൽ പ്രായമുള്ളവർ- 0.52 %
100-109 നും ഇടയിൽ പ്രായമുള്ളവർ- 0.03%