എം.ബി. സന്തോഷ്
തിരുവനന്തപുരം: സിപിഎം സഹയാത്രികനായ നിലമ്പൂർ എംഎൽഎ പി.വി. അൻവർ ഉയർത്തിയ പ്രകമ്പനത്തിന്‍റെ അലകൾ ഒടുങ്ങുന്നില്ല. കഴിഞ്ഞ ദിവസം ഡോ. കെ.ടി. ജലീലും കാരാട്ട് റസാഖും അൻവറിന് പിന്തുണ പ്രഖ്യാപിച്ചെങ്കിൽ ഇന്നലെ സിപിഎമ്മിന്‍റെ കായംകുളം എംഎൽഎ യു. പ്രതിഭയും പാർട്ടിയെ ഞെട്ടിച്ചു.
സിപിഐ വയനാട് ജില്ലാ സെക്രട്ടറി ആരോപണവിധേയനായ എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തിയത് എൽഡിഎഫിന് തലവേദനയായി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേ യൂത്ത് കോൺഗ്രസ് അഴിമതി ആരോപണവുമായി രംഗത്തെത്തിയതോടെ സിപിഎം സമ്മർദത്തിലാവുകയാണ്.
"പ്രിയപ്പെട്ട അൻവർ, പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരേയാണ്. പിന്തുണ' എന്നായിരുന്നു യു പ്രതിഭയുടെ ഫെയ്സ്ബുക് പോസ്റ്റ്. "അൻവറിന്‍റേത് സത്യസന്ധമായ അഭിപ്രായമാണ്. ആഭ്യന്തരവകുപ്പിൽ എക്കാലത്തും ഒരു പവർഗ്രൂപ്പുണ്ടായിരുന്നു. അതു പരിശോധിക്കണം.വേലിതന്നെ വിളവ് തിന്നാൻ പാടില്ല' എന്ന് മാധ്യമങ്ങളോട് ഇതേപ്പറ്റി പ്രതികരിക്കാനും അവർ തയ്യാറായി.
കൊച്ചിയിലെ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ ഫുട്ബാള്‍ ഗ്രൗണ്ട് നവീകരണത്തിൽ വഴിവിട്ട ഇടപാടും ക്രമക്കേടും നടന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിൽ ആരോപിച്ചു. അതിനു പിന്നിൽ കരാർ കിട്ടിയ കമ്പനിയുടെ മുൻ നിയമോപദേഷ്ടാവ് പി. ശശിയും ഇപ്പോഴത്തെ ഉപദേഷ്ടാവ് ശശിയുടെ മകനുമാണെന്നുമാണ് കുറ്റപ്പെടുത്തൽ.
വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനിടെ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ എഡിജിപി അജിത് കുമാർ ശ്രമിച്ചുവെന്ന് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ആരോപിച്ചത് സർക്കാരിന് തലവേദനയായി. സന്നദ്ധ സംഘടനകൾ ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞ് അനാവശ്യ വിവാദം ഉണ്ടാക്കി. സർക്കാരിനെതിരേ ജനങ്ങളെ തിരിപ്പിക്കുകയായിരുന്നു ഉദ്ദേശമെന്നാണ് അദ്ദേഹം പറഞ്ഞത്.
മുഖ്യമന്ത്രിയെ ഇന്നലെ കെ.ടി. ജലീൽ കണ്ടിരുന്നു. ജലീലിനെ കണ്ടശേഷമാണ് അൻവർ ഇന്നലെ മുഖ്യമന്ത്രിയേയും സന്ദർശിച്ചത്. എല്ലാം വിശദമായി സംസാരിച്ചുവെന്നും അഴിമതിക്കാരും ഇരട്ടമുഖക്കാരുമായ ഉന്നത ഉദ്യോഗസ്ഥരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി അർഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയെന്ന് ജലീൽ പറഞ്ഞു.