''പാവം ഷാജനെ ആ പിങ്ക് ഷർട്ട് ഇടാൻ പോലും സമ്മതിക്കരുത്'', അറസ്റ്റ് നാടകമെന്ന് പി.വി. അൻവർ

കേരളത്തിലെ മുസ്ലിം ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഇത്രമാത്രം പരസ്പരം അകറ്റിയ വെറുപ്പുത്പാദിപ്പിക്കുന്ന ഫാക്റ്ററിയായിരുന്നു ഷാജന്‍റെ യൂട്യൂബ് ചാനൽ എന്നും അൻവർ
PV Anvar fb post on Shajan Scaria arrest, terming it as drama

ഷാജൻ സ്കറിയയുടെ അറസ്റ്റിനെക്കുറിച്ചുള്ള പി.വി. അൻവറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

PV Anvar

Updated on

നാടകക്കമ്പനിയായ കെപിഎസിയെ അനുസ്മരിപ്പിക്കും വിധമാണ് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്‍റെ പ്രവർത്തനമെന്ന് പി.വി. അൻവർ. ഓൺലൈൻ മാധ്യമ പ്രവർത്തകൻ ഷാജൻ സ്കറിയയെ രാത്രി അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റിലാണ് പരാമർശം. റാപ്പർ വേടന്‍റെയും ബോബി ചെമ്മണൂരിന്‍റെയും അറസ്റ്റുകളുമായി താരതമ്യം ചെയ്യുന്നതാണ് പോസ്റ്റിൽ. മൂവരുടെയും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഷാജൻ ഷർട്ട് പോലും ഇടാതെ ലുങ്കി മാത്രം ധരിച്ച് പോകുന്ന ചിത്രമാണ് ചേർത്തിരിക്കുന്നത്.

ഷാജൻ സ്കറിയിൽ നിന്ന് നേരത്തെ രൂക്ഷ വിമർശനം ഏറ്റിട്ടുള്ള പി.വി. അൻവർ ഈ പോസ്റ്റിൽ ഷാജനെ ശക്തമായി തന്നെ വിമർശിച്ചിട്ടുമുണ്ട്. കേരളത്തിലെ മുസ്ലിം ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഇത്രമാത്രം പരസ്പരം അകറ്റിയ വെറുപ്പുത്പാദിപ്പിക്കുന്ന ഫാക്റ്ററിയായിരുന്നു ഷാജന്‍റെ യൂട്യൂബ് ചാനൽ എന്നും അൻവർ പറയുന്നു. ഷാജന് ജാമ്യം കിട്ടണമെന്ന നിർബന്ധബുദ്ധിയോടെയായിരുന്നു സർക്കാർ നീക്കമെന്നും വിമർശനം.

പി. വി. അൻവറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

നാടകമേ ഉലകം!!!!

നാടകക്കമ്പനിയായ കെപിഎസിയെ അനുസ്മരിപ്പിക്കും വിധമായിരിക്കുന്നു ആഭ്യന്തര വകുപ്പ്. അതാത് സമയങ്ങളിൽ സർക്കാരിന്‍റെ മുഖം രക്ഷിക്കാനും ആളെക്കൂട്ടാനും അനുയോജ്യരായവരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്നു,വിട്ടയക്കുന്നു. ലഹരി വിഷയത്തിൽ മുഖം രക്ഷിക്കാൻ വേടനെ അറസ്റ്റ് ചെയ്യുന്നു. പിന്നോക്ക വിഭാഗത്തിൽ പെട്ട കലാകാരനെ വേട്ടയാടുന്നതിൽ യുവാക്കളിൽ നിന്നടക്കം ശക്തമായ പ്രതിഷേധം ഉയർന്നതോടെ അപകടം മണത്ത സിപിഎം ഈ പാപഭാരം വനംവകുപ്പിൽ കെട്ടിവെക്കുന്നു. പിന്നീട് അതേ വേടന്‍റെ “ബ്രാൻഡ് വാല്യു” ഉപയോഗപ്പെടുത്തി ആളില്ലാതെ പൊളിഞ്ഞു പോയ സർക്കാരിന്‍റെ നാലാം വാർഷികത്തിലേക്ക് ആളെക്കൂട്ടാൻ ശ്രമിക്കുന്നു. ആ കാഴ്ചയാണ് ഇന്നലെ ഇടുക്കിയിൽ കണ്ടത്. വേടന്‍റെ അറസ്റ്റിനു ശേഷം സർക്കാർ എടുത്തണിയാൻ ശ്രമിക്കുന്ന ഈ രക്ഷകവേഷം സമൂഹത്തിൽ നിന്നും പ്രത്യേകിച്ച് യുവതയിൽ നിന്നും ഉയർന്ന പ്രതിഷേധത്തിന്‍റെ ഭാഗമായി അണിയാൻ സർക്കാർ നിർബന്ധിതമായി പോയതാണ്. കേരള ജനത ഒന്നാകെ അഭിനന്ദനമർഹിക്കുന്നു ഈ വിഷയത്തിൽ.

സാജൻ സക്കറിയ ഒരു പിടികിട്ടാപ്പുള്ളി അല്ല. പട്ടാപ്പകൽ ഏതുനേരവും അറസ്റ്റ് ചെയ്യാൻ "അവൈലബിൾ" ആയിട്ടുള്ള വ്യക്തിയാണ് ഷാജൻ. തിരുവനന്തപുരം ടൗണിലൂടെ രാവിലെയും വൈകുന്നേരവും റോഡിലൂടെ നടന്നു പോകുന്ന ആളുമാണ്. അങ്ങനെയുള്ള ഒരാളെ ഒരു കൊള്ള സംഘത്തിൽ പോയി അറസ്റ്റ് ചെയ്തു കൊണ്ടുവരുന്ന രീതിയിൽ നാടകം നന്നായി സംവിധാനിച്ചിട്ടുണ്ട് സർക്കാർ.

"പാവം ഷാജനെ ആ പിങ്ക് കളർ ഷർട്ട് ഒന്ന് ഇടാൻ പോലും സമ്മതിക്കരുത്"!!! നല്ല ഹൈപ്പ് കിട്ടട്ടെ. അങ്ങനെ പൊതു സമൂഹത്തിനും ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും പിണറായിക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മുഖം ഈ ക്ലൈമാക്സിലൂടെ തിരിച്ചുപിടിക്കാം.

ആകെ മൊത്തം ഒരു സർക്കസ് കണ്ട പ്രതീതിയാണ്.

മാത്രമല്ല ഇന്നലെ നടന്ന സംഭവവികാസങ്ങൾ സൂക്ഷിച്ച് പരിശോധിച്ചാൽ മനസ്സിലാകുന്ന മറ്റൊരുകാര്യമുണ്ട്. ഷാജൻ സക്കറിയക്ക് ജാമ്യം ലഭിക്കണം എന്ന നിർബന്ധ ബുദ്ധിയുണ്ടായിരുന്നു സർക്കാറിന്. ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോൾ സുപ്രീം കോടതി ഉത്തരവുപ്രകാരം പാലിക്കേണ്ട നിയമവശങ്ങൾ പാലിക്കാതെ ഉള്ള അറസ്റ്റ് കാരണമായിട്ടായിരിക്കാം കോടതി ജാമ്യം അനുവദിച്ചത്. വയർലസ്സ് സന്ദേശം ചോർത്തി സംപ്രക്ഷേപണം ചെയ്തതടക്കം മുമ്പ് പരാതികളുണ്ട് ഷാജൻ സക്കറിയയ്ക്കെതിരെ. ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് പ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്യാമെന്ന് ഡി ജി പി (ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) നിയമോപദേശം നൽകിയതുമാണ്. എന്നാൽ അന്ന് സർക്കാർ വെറും വെറുതേ വിട്ടു ഷാജൻ സക്കറിയയെ.

ആളും തരവും നോക്കി നീതിയും നിയമവും നടപ്പിലാക്കുന്ന പുതിയ രീതി ജനാധിപത്യ സംഹിതകൾക്കെതിരാണ്.

സമാനമായ നിയമവശങ്ങളുള്ള കേസിൽ സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റം ചുമത്തിയാണ് ബോബി ചെമ്മണ്ണൂരിനെ ജയിലിൽ അടച്ചതെന്ന് ഇവിടെ ഓർക്കേണ്ടതുണ്ട്.

സാജൻ സക്കറിയയിലേക്ക് തന്നെ തിരിച്ചു വരാം.

പിണറായിസവും,സംഘപരിവാർ അഡ്ജസ്റ്റ്മെന്‍റും ഞാൻ ആദ്യമായി "ഐഡന്‍റിഫൈ" ചെയ്യുന്നത് ഷാജൻ സക്കറിയ വിഷയത്തിലാണ്. കേരളത്തിലെ മുസ്ലിം ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഇത്രമാത്രം പരസ്പരം അകറ്റിയ വെറുപ്പുല്പാദിപ്പിക്കുന്ന ഫാക്ടറിയായിരുന്നു ഷാജന്‍റെ യൂട്യൂബ് ചാനൽ. ഏകോദര സഹോദരന്മാരായിരുന്ന ക്രൈസ്തവ മുസ്ലിം സഹോദരങ്ങളുടെ ഇടയിൽ വൈര്യം വളർത്താൻ സംഘപരിവാറിന് വേണ്ടി പണിയെടുക്കുന്ന ചാരനായി മാത്രമേ സാജൻ സക്കറിയയെ വിശേഷിപ്പിക്കാനാവൂ. കേരളത്തിലും വിദേശത്തും ലക്ഷക്കണക്കിന് മലയാളികൾക്ക് തൊഴിൽ നൽകുന്ന ഒരു മലയാളിവ്യവസായിയെയും അദ്ദേഹത്തിന്‍റെ സംരംഭത്തെയും ലക്ഷ്യം വച്ച് ഷാജൻ സക്കറിയ നടത്തിയ വിദ്വേഷ പ്രജരണം കേരളം കണ്ടതാണ്. കേരളം കൊണ്ടാടിയിരുന്ന മതസൗഹാർദത്തിന് കളങ്കം ചാർത്തിയ വ്യക്തിയായി തന്നെ ഷാജൻ സക്കറിയ ചരിത്രത്തിൽ അറിയപ്പെടും. പിണറായിസം തുലയട്ടെ എന്ന ഷാജന്‍റെ മുദ്രാവാക്യത്തിൽ ഇല്ലാതാവുന്നതല്ല അയാൾ പാകിയ വിദ്വേഷത്തിന്‍റെ വിത്തുകൾ.

കഴിഞ്ഞ മാസങ്ങളായി ഞാൻ ഉന്നയിച്ചു കൊണ്ടിരിക്കുന്ന വിഷയങ്ങൾക്ക് കേരളത്തിലെ പൊതുസമൂഹത്തിന്‍റെ അംഗീകാരം ലഭിക്കുന്നു എന്ന തിരിച്ചറിവിൽ നിന്ന് ഉണ്ടായിത്തീരുന്ന നടപടികളും തീരുമാനങ്ങളുമാണ് സർക്കാറിന്‍റെ ഈ സർക്കസിനെല്ലാം പിന്നിലുള്ളത്.

ഷർട്ട് ഇടാൻ അനുവദിക്കാത്ത ഈ അറസ്റ്റും നാടകങ്ങളും എല്ലാം നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഗൂഢാലോചനയായി മാത്രമേ ഞാൻ വിലയിരുത്തുന്നുള്ളൂ.

(തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം. പക്ഷേ നീതിയും നിയമവും തുല്യമായി വീതിക്കപ്പെടണം. )

(പി. വി അൻവർ)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com