
ന്യൂഡൽഹി: നവീൻബാബുവിന്‍റെ മരണം പെട്രോൾ പമ്പിന്‍റെ അനുമതിയുമായി ബന്ധപ്പെട്ടതല്ലെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുമായി ബന്ധപ്പെട്ട ഒരു രഹസ്യം നവീൻ ബാബുവിന് അറിയാമായിരുന്നുവെന്നും പി.വി. അൻവർ എംഎൽഎ. തനിക്ക് ജോലിചെയ്യാൻ കഴിയുന്നില്ലെന്നാണ് കുടുംബത്തോടും അടുപ്പമുള്ളവരോടും നവീൻ ബാബു പറഞ്ഞിട്ടുള്ളത്. നിയമവിരുദ്ധമായ എല്ലാ കാര്യങ്ങൾക്കും പി. ശശി ഉൾപ്പെടെയുള്ളവർ നിർബന്ധിക്കുമ്പോൾ പറ്റാവുന്നതിന്‍റെ പരമാവധി ചെയ്തുകൊടുത്തു. ഇനി അവിടെ നിൽക്കാൻ കഴിയില്ലെന്ന് നവീൻ ബാബു കുടുംബാംഗങ്ങളോട് പറഞ്ഞിട്ടുണ്ട്. നവീന്‍റെ കുടുംബത്തിനൊപ്പമാണെന്നാണ് പറയുന്ന പാർട്ടിയും സർക്കാരും കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തെ എന്തിനാണ് എതിർക്കുന്നതെന്ന് ചോദിച്ച അൻവർ, ഇല്ലാത്ത ഒരുകാര്യം ഉണ്ടാക്കിക്കൊണ്ടുവരാൻ ഏത് ഏജൻസി ശ്രമിച്ചാലും അതിന് ഒരു പരിധിയുണ്ടല്ലോ എന്നും കൂട്ടിച്ചേർത്തു.
നവീൻ ബാബുവിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇൻക്വസ്റ്റ് റിപ്പോർട്ടും നിറയെ വൈരുദ്ധ്യങ്ങളാണെന്ന് അൻവർ ആരോപിക്കുന്നു. 0.5 വണ്ണമുള്ള അയ കെട്ടാനുപയോഗിക്കുന്ന കയറിലാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്. 55 കിലോ ഭാരമുള്ള നവീൻ എങ്ങനെ ഇതിൽ തൂങ്ങുമെന്ന് അൻവർ ചോദിക്കുന്നു.
നവീൻ ബാബുവിന്‍റെ യൂറിനറി ബ്ലാഡറിൽ ഒന്നുമുണ്ടായിരുന്നില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മരണവെപ്രാളത്തിൽ മൂത്രമൊഴിച്ചുപോയിട്ടുണ്ടെങ്കിൽ അക്കാര്യം റിപ്പോർട്ട് ചെയ്യേണ്ടതാണെങ്കിലും അതുണ്ടായിട്ടില്ല. ഇതുപോലുള്ള മരണങ്ങളിൽ സ്വാഭാവികമായും നെഞ്ചിൽ നീരുവരും, പക്ഷേ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്. ഒരാൾ ശ്വാസം മുട്ടി മരിച്ചിട്ട് അദ്ദേഹത്തിന്‍റെ ഹൃദയത്തിനോ വാൽവിനോ ഒരു കുഴപ്പവുമില്ല.
ഇൻക്വസ്റ്റ് റിപ്പോർട്ടിലുള്ളത് അടിവസ്ത്രത്തിൽ രക്തക്കറയുണ്ടെന്നാണ്. ഇക്കാര്യം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നില്ല. സാധാരണ ഒരാളുടേതാണെങ്കിൽപ്പോലും വിഷം കൊടുത്തുകൊന്ന ശേഷം കെട്ടിത്തൂക്കിയതാണോ എന്നെല്ലാം അറിയാൻ രാസ പരിശോധന നടത്തും. എന്നാൽ, നവീൻ ബാബുവിന്‍റെ കാര്യത്തിൽ ഇങ്ങനെയൊന്നും ചെയ്തിട്ടില്ല.
നവീൻ ബാബു ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം പറഞ്ഞതാണ്. ആത്മഹത്യയുടെ സൂചന നൽകുന്ന ഒരു സംസാരവും അദ്ദേഹം അന്ന് ഭാര്യയുമായി നടത്തിയിട്ടില്ല. മാനസിക വിഷമം പ്രകടിപ്പിച്ചിട്ടില്ല. രാത്രിയിൽ നാട്ടിലേക്ക് പുറപ്പെടുന്നില്ലെങ്കിൽ വിളിച്ചറിയിക്കേണ്ടതാണ്. കുടുംബത്തെ അറിയിക്കുംമുൻപ് ഇൻക്വസ്റ്റ് നടന്നു. പോസ്റ്റ്മോർട്ടവും ബന്ധുക്കൾ എത്തുംമുൻപേ നടന്നു. ഇത്തരം കുറേ കാര്യങ്ങൾ അവ്യക്തമായി കിടക്കുകയാണെന്നും അൻവർ പറഞ്ഞു.
അൻവർ പറയുന്നത് പച്ചക്കള്ളങ്ങൾ: പി. ശശി
കണ്ണൂർ: നവീൻബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി. അൻവർ തനിക്കെതിരേ ഉന്നയിക്കുന്നത് പച്ചക്കള്ളങ്ങളും ദുരാരോപണങ്ങളുമാണെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ബാബുവുമായി ജീവിതത്തില്‍ ഇന്നേവരെ എന്തെങ്കിലും കാര്യത്തിന് ബന്ധപ്പെടാനോ സംസാരിക്കാനോ ഉള്ള സാഹചര്യം തനിക്ക് ഉണ്ടായിട്ടില്ല. ഒരു തരത്തിലും തനിക്ക് ഒരു ബന്ധവുമില്ലാത്ത നവീന്‍ ബാബുവുമായി ബന്ധപ്പെടുത്തി അൻവർ പറയുന്നതെല്ലാം പച്ചക്കള്ളങ്ങളാണ്. നുണകള്‍ പറഞ്ഞുമാത്രം നിലനില്‍ക്കേണ്ട ഗതികേടിലാണ് അന്‍വര്‍ ചെന്നെത്തിയിരിക്കുന്നത്. ഇതിനകം നടത്തിയ അപമാനകരമായ നുണപ്രചാരണങ്ങളുടെ പേരിൽ അൻവറിനെതിരേ രണ്ട് കേസുകള്‍ കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. പൊതുസമൂഹത്തില്‍ അപമാനിക്കുവാന്‍ ശ്രമിച്ചതിന് ഇദ്ദേഹത്തിനെതിരെ ഇനിയും നിയമനടപടി സ്വീകരിക്കുമെന്ന് പി. ശശി വ്യക്തമാക്കി.