തിരുവനന്തപുരം: സര്‍ക്കാരിനെയും സിപിഎമ്മിനെയും വെട്ടിലാക്കിക്കൊണ്ട് പി.വി. അന്‍വര്‍ എംഎല്‍എ തൊടുത്തുവിട്ട ആരോപണങ്ങള്‍ രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസ്. ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ഉള്‍പ്പെടെ എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെയുള്ള ഗുരുതര ആരോപണങ്ങളില്‍ നടപടി ആവശ്യപ്പെട്ട് രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.
ആദ്യയോഗം 24ന് തൃശൂരില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മറ്റ് ജില്ലകളിലും സംഘടിപ്പിക്കും. നിയോജകമണ്ഡലതലത്തിലും യോഗങ്ങള്‍ നടത്തും.
എന്നാല്‍, ഇടത് സ്വതന്ത്രനായ അന്‍വറിന്‍റെ ആരോപണങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കുന്നതില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുണ്ട്. മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനോടകം കെപിസിസി നേതൃത്വത്തെ ഇക്കാര്യം ധരിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍, സിപിഎം അംഗമല്ലാത്ത അന്‍വറിന്‍റെ പരാമര്‍ശങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അതിലെ സത്യം പുറത്തെത്തിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കണമെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം. ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രസ്ഥാനത്ത് നിറുത്തി അദ്ദേഹത്തിന്‍റെ ഓഫീസ്, പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി എന്നിവരുള്‍പ്പെട്ട സര്‍ക്കാര്‍ സംവിധാനത്തിനെതിരെയുള്ള രാഷ്ട്രീയ കടന്നാക്രമണമാണ് ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളും തദ്ദേശ തെരഞ്ഞെടുപ്പിലും ഇത് നേട്ടമുണ്ടാക്കുമെന്ന് നേതാക്കൾ കരുതുന്നു.
കൂടാതെ, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലെ രാഷ്ട്രീയമുയര്‍ത്തി ബിജെപിയേയും, സിപിഎമ്മിനെയും ഒരുപോലെ പ്രതിരോധത്തിലാക്കാനും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു. എഡിജിപി അജിത് കുമാറിനെപ്പോലെ സംഘപരിവാര്‍ ബന്ധമുള്ള ഒരുകൂട്ടം ഉദ്യോഗസ്ഥരാണ് സിപിഎമ്മിന് ഇപ്പോള്‍ സ്വന്തം മുന്നണിയിലെ ഘടക കക്ഷിനേതാക്കളെക്കാള്‍ പ്രിയമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ വിമര്‍ശിക്കുന്നതും രാഷ്ട്രീയം തന്നെ കണ്ടുകൊണ്ടാണ്. എഡിജിപിയുടെ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍ മുഖ്യമന്ത്രിയുടെ പൂര്‍ണസമ്മതത്തോടെയാണ്. അതിനാലാണ് മുഖ്യമന്ത്രി നടപടിയെടുക്കാന്‍ സങ്കേതികത്വം പറഞ്ഞ് എഡിജിപിക്ക് സംരക്ഷണം ഒരുക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തുന്നു.