എം.ബി. സന്തോഷ്
തിരുവനന്തപുരം: നിലമ്പൂരിൽ നിന്നുള്ള ഇടതു സ്വതന്ത്രനായ പി.വി. അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളിലുലഞ്ഞ് സിപിഎം. അൻവറിന് കൃത്യമായി മറുപടി പറയാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഒഴിഞ്ഞുമാറിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഏതാനും വാക്കുകളിൽ പ്രതികരണം ഒതുക്കുകയായിരുന്നു. അതേസമയം, അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം തുടരുകയാണെന്ന് ഇരുവരും വ്യക്തമാക്കി.
ഒരുപടി കൂടി കടന്ന് അൻവറിന്‍റെ പരാതിയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേ അന്വേഷണം തുടരുമെന്നും ഗോവിന്ദൻ അറിയിച്ചു.
അൻവർ ഉന്നയിച്ചത് വസ്തുനിഷ്ഠമായ കാര്യങ്ങളാണെന്ന് വിശ്വസിക്കുന്ന സിപിഎം പ്രവർത്തകർ ഏറെയാണെന്ന് പാർട്ടി തിരിച്ചറിയുന്നുണ്ട്. അൻവർ പരിധി വിട്ടത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണമെന്നും തിരുത്താനുള്ള ഇടപെടലാണ് വേണ്ടതെന്നും മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരന്‍റെ പ്രതികരണം ഇക്കാര്യം സ്പഷ്ടമാക്കുന്നു. അൻവർ ആദ്യം വെടി പൊട്ടിച്ചപ്പോൾ തന്നെ അദ്ദേഹത്തെ വിളിച്ച് വിവരങ്ങൾ ആരാഞ്ഞ്, പറഞ്ഞതിൽ ഗൗരവതരമായ പരിശോധന നടത്തുന്നതിൽ സിപിഎമ്മും മുഖ്യമന്ത്രിയും പരാജയപ്പെട്ടുവെന്ന് സിപിഎമ്മിനോട് അടുപ്പമുള്ളവരുൾപ്പെടെ പരസ്യമായി ചൂണ്ടിക്കാട്ടി.അൻവറിനെ തള്ളി പുറത്താക്കുകയായിരുന്നുവെന്ന‌് വിശ്വസിക്കുന്ന സിപിഎം പ്രവർത്തകരും നേതാക്കളുമുണ്ട്. അത് ഇനിയുള്ള പാർട്ടി സമ്മേളനങ്ങളിൽ ചർച്ചയാവുമെന്നുറപ്പാണ്.
ആർഎസ്എസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന അൻവറിന്‍റെ ആരോപണം മത ന്യൂനപക്ഷങ്ങൾക്കിടയിൽ കാര്യമായ ചലനമുണ്ടാക്കും. എക്കാലത്തും ന്യനപക്ഷങ്ങളെ സംരക്ഷിക്കുന്നത് എൽഡിഎഫാണെന്ന വാദത്തിന്‍റെ മുനയൊടിക്കുന്നതാണ് ഇത്. മലപ്പുറത്തുമാത്രമായി ഇതിന്‍റെ പ്രത്യാഘാതം ഒതുങ്ങണമെന്നില്ല.
അൻവർ ഇനി യുഡിഎഫുമായി സഹകരിക്കാനാണ് സാധ്യത. യുഡിഎഫ് മണ്ഡലമായിരുന്ന നിലമ്പൂരിനെ 2016ൽ അൻവറിലൂടെയാണ് എൽഡിഎഫ് പിടിച്ചെടുത്തത്. കഴിഞ്ഞ തവണ വിജയം ആവർത്തിച്ചു. രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ചതാണ് കോൺഗ്രസിന് അൻവറിനെ പിന്തുണയ്ക്കാനുള്ള വൈമനസ്യം. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഡിഎൻഎ പരിശോധിക്കണമെന്ന് താൻ നേരത്തേ പറഞ്ഞതിനെ വക്രീകരിച്ചുവെന്ന് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ അൻവർ നിലപാടെടുത്തത് ഇത് മനസിലാക്കിയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ 150 കോടി രൂപയുടെ ആരോപണം നിയമസഭയിൽ ഉന്നയിച്ചതിലും അൻവറിന് വിശദീകരണം നൽകേണ്ടിവരും.