

പി.വി. അൻവർ
പി.ബി. ബിച്ചു
തിരുവനന്തപുരം: തെരഞ്ഞെടുപ്പുകളെ നേരിടാനൊരുങ്ങുന്ന ഇരുമുന്നണികൾക്കും അഭിമാന പോരാട്ടമായി മാറിയ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍റെ മകനും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും മുൻ എംഎൽഎ പി.വി. അൻവറിന്‍റെ അതൃപ്തി തുടത്തിൽ തന്നെ യുഡിഎഫിൽ കല്ലുകടിയായി.
തൃക്കാക്കരയ്ക്കും പുതുപ്പള്ളിക്കും പാലക്കാടിനും പിന്നാലെ വിജയം മാത്രം ലക്ഷ്യമാക്കിയിറങ്ങിയ കോൺഗ്രസിന് തലവേദനയായി മാറിയിരിക്കുകയാണ് അൻവർ. സ്ഥാനാർഥിയെ ഏകകണ്ഠമായാണ് തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞെങ്കിലും ഇടതുപക്ഷത്തോട് ചേർന്നുനിൽക്കുന്ന ഷൗക്കത്ത് സ്ഥാനാർഥിയാകുന്നത് നിലമ്പൂരിൽ തിരിച്ചടിയുണ്ടാക്കുമെന്ന മുൻ നിലമ്പൂർ എംഎൽഎ അൻവറിന്‍റെ പ്രസ്താവന യുഡിഎഫിൽ വലിയ എതിർപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.
യുഡിഎഫ് പ്രവേശനത്തിന് ഒരുങ്ങി നിൽക്കുന്ന അൻവർ കോൺഗ്രസിനെതിരേ പരസ്യപ്രസ്താവനകൾ നടത്തുന്നതിനെ നേതാക്കൾ കൂട്ടമായി എതിർക്കുകയാണ്. യുഡിഎഫ് പ്രവേശനം എന്ന ആവശ്യവും നിർദേശിച്ച സ്ഥാനാർഥിയെയും പരിഗണിക്കാതെ കോൺഗ്രസ് സ്വീകരിച്ച നിലപാടിനോട് അൻവർ എങ്ങനെ പ്രതികരിക്കും എന്നതാണ് ഇനി ഉറ്റുനോക്കുന്നത്. സ്വതന്ത്രനായോ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായോ അൻവർ മത്സരിക്കാനിറങ്ങിയാൽ അത് ഏത് മുന്നണിയേയാകും ബാധിക്കുകയെന്ന് കണ്ടറിയണം.
മുസ്‌ലിം ലീഗ് നേതൃത്വം ഇടപെട്ടിട്ടും വഴങ്ങാതെ ആര്യാടൻ ഷൗക്കത്തിനെതിരേ തിരിഞ്ഞ അൻവറിനൊപ്പം നിൽക്കുമോ നിലമ്പൂരിലെ ജനങ്ങളെന്നതും നിരീക്ഷകർ ഉറ്റുനോക്കുന്നു.അതേസമയം, അന്‍വറിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുമെങ്കിലും സമ്മര്‍ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് കൊച്ചിയിലെ യോഗത്തില്‍ പങ്കെടുത്ത കോൺഗ്രസ് നേതാക്കള്‍ നിലപാടെടുത്തത്.
ആര്യാടന്‍ ഷൗക്കത്തിന് വിജയസാധ്യതയില്ലെന്നും വി.എസ്. ജോയ് സ്ഥാനാര്‍ഥിയാവട്ടെ എന്നുമായിരുന്നു അന്‍വറിന്‍റെ നിലപാട്. നേരത്തേ കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ഥിയാക്കിയാലും പിന്തുണയ്ക്കുമെന്ന നിലപാട് തുറന്ന് പറഞ്ഞിരുന്ന അന്‍വര്‍ ഇന്നലെ മലക്കം മറിഞ്ഞു.
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത യോഗം സ്ഥിതിഗതികള്‍ വീണ്ടും ചര്‍ച്ച ചെയ്ത ശേഷം അന്‍വറിന്‍റെ വിലപേശല്‍ തന്ത്രത്തെ അവഗണിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. ഷൗക്കത്തിനോടുള്ള എതിർപ്പ് പരസ്യമാക്കിയ അൻവർ രണ്ട് ദിവസത്തെ സാവകാശമാണ് അറിയിച്ചിരിക്കുന്നത്. ഇന്നും നാളെയും നടക്കുന്ന ചർച്ചകളിൽ അൻവറിന്‍റെ നിലപാടുകൾ നിർണായകമാകും.