പി.വി. ശ്രീനിജിൻ മന്ത്രിസഭയിലേക്ക്?

ട്വന്‍റി20 പാർട്ടിയുടെയും അവരുടെ നേതാവ് കിറ്റക്സ് ഉടമ സാബു ജേക്കബിന്‍റെയും തട്ടകത്തിൽ അവരോട് നേർക്കുനേർ എതിർത്തു നിൽക്കുന്ന ജനപ്രതിനിധിയാണ് ശ്രീനിജിൻ
പി.വി. ശ്രീനിജിൻ മന്ത്രിസഭയിലേക്ക്?
PV SreenijinFile

ജിബി സദാശിവൻ

കൊച്ചി: മന്ത്രി കെ. രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്ന് ലോക്‌സഭയിലെത്തിയതോടെ മന്ത്രിസഭയിലെ ഒഴിവില്‍ ആരെത്തും എന്നതില്‍ ആകാംക്ഷ. മന്ത്രിസഭയിലെ ഏക ദളിത് മുഖമായിരുന്നു കെ. രാധാകൃഷ്ണന്‍. അതുകൊണ്ട് തന്നെ അടുത്തമന്ത്രിയും ദളിത് വിഭാഗത്തില്‍ നിന്നാകാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഒരു പുതുമുഖം മന്ത്രിയായി എത്തും. ഭരണഘടനാപരമായി അത്തരമൊരു ബാധ്യതയില്ലെങ്കിലും കാലാകാലങ്ങളായി ഒരു ദളിത് പ്രതിനിധി മന്ത്രിസഭയിൽ ഉണ്ടാകാറുണ്ട്.

കുന്നത്തുനാട്ടിൽ നിന്നുള്ള എംഎൽഎ പി.വി. ശ്രീനിജിന്‍, കോങ്ങാട്ടുനിന്നുള്ള എംഎൽഎ ശാന്തകുമാരി, ബാലുശേരിയുടെ പ്രതിനിധി സച്ചിന്‍ദേവ്, തരൂരിൽനിന്നുള്ള പി.പി. സുമോദ്, ദേവികുളത്തെ എ. രാജ, മാവേലിക്കരയിലെ എം.എസ്. അരുണ്‍കുമാര്‍, ആറ്റിങ്ങലിലെ ഒ.എസ്. അംബിക എന്നിവരാണ് നിയമസഭയിലെ സിപിഎമ്മിന്‍റെ മറ്റു ദളിത് അംഗങ്ങൾ. ഇവരില്‍ ആരെ പരിഗണിക്കാം എന്നതിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

പാർട്ടി അർഹിക്കുന്ന പരിഗണന നൽകിയിട്ടുണ്ട്. അമിത ആഗ്രഹങ്ങളില്ല. പാർട്ടിയാണ് തീരുമാനിക്കുന്നത്. പാർട്ടി പറയും പോലെ പ്രവർത്തിക്കും.
പി.വി. ശ്രീനിജൻ എംഎൽഎ, മെട്രൊ വാർത്തയോടു പറഞ്ഞത്

പി.വി. ശ്രീനിജിന്‍ പരിഗണിക്കപ്പെടാന്‍ സാധ്യത കൂടുതലാണെന്നാണ് ലഭിക്കുന്ന വിവരം. എറണാകുളത്ത് നിന്നുള്ള എംഎല്‍എ എന്നതിനൊപ്പം, ട്വന്‍റി 20 അടക്കമുളള പാര്‍ട്ടികളുമായി കട്ടയ്ക്ക് പോരാടുന്നതും പിണറായിയോടുളള അടുപ്പവുമാണ് ശ്രീനിജിന്‍റെ സാധ്യത വർധിപ്പിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നെത്തിയ ശ്രീനിജിന്‍ സിപിഎം ചിഹ്നത്തില്‍ തന്നെയാണ് 2021ൽ മത്സരിച്ച് വിജയിച്ചത്. പാര്‍ട്ടിയിലും ശ്രീനിജിന്‍ സ്വീകാര്യത വര്‍ധിച്ചിട്ടുണ്ട്. ട്വന്‍റി 20 യുടെ തട്ടകത്തിൽ അവരെ ശക്തമായി വെല്ലുവിളിച്ച് നിൽക്കുന്ന ജനപ്രതിനിധിയാണ് ശ്രീനിജിൻ. ട്വന്‍റി 20 ചീഫ് കോർഡിനേറ്റർ സാബു ജേക്കബ് ആകട്ടെ, മുഖ്യമന്ത്രിയെയും കുടുംബത്തെയും രൂക്ഷമായി വിമർശിക്കുന്നതു തുടരുകയുമാണ്. സിപിഎമ്മും സാബു ജേക്കബും തമ്മിൽ പലതവണ കോർത്തിട്ടുമുണ്ട്.

ഒരു പൊതുസമ്മേളനത്തിൽ പി.വി. ശ്രീനിജിനെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് സാബു ജേക്കബിനെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസിൽ തന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചാൽ മുഖ്യമന്ത്രിയുടെ മകളെ അഴിക്കുള്ളിലാക്കുമെന്ന് സാബു അന്നു വെല്ലുവിളിക്കുകയും ചെയ്തു. ശ്രീനിജിനെ മന്ത്രിയാക്കുന്നതിലൂടെ ട്വന്‍റി 20 ക്ക് ശക്തമായ മറുപടി നൽകാമെന്നും സിപിഎം കണക്കുകൂട്ടുന്നു. കോൺഗ്രസ് പോലും സാബു ജേക്കബിനെയും ട്വന്‍റി 20 യെയും നോവിക്കാതെ ശ്രദ്ധിക്കുമ്പോൾ കിട്ടുന്ന അവസരങ്ങളിലെല്ലാം രാഷ്‌ട്രീയമായി അവരെ നേരിടുന്നതിൽ ശ്രീനിജിൻ പിശുക്ക് കാണിക്കാറില്ല. അതുകൊണ്ട‌ു തന്നെ ട്വന്‍റി 20യുടെ ഹിറ്റ്ലിസ്റ്റിലെ പ്രമുഖനാണ് ശ്രീനിജിൻ.

യുവാക്കളെ പരിഗണിക്കാം എന്ന നിലയില്‍ ചര്‍ച്ച വന്നാല്‍ ശ്രീനിജിനൊപ്പം പരിഗണിക്കപ്പെടാവുന്നത് സച്ചിന്‍ ദേവും അരുണ്‍കുമാറുമാണ്. ഭാര്യയും തിരുവനന്തപുരം മേയറുമായ ആര്യ രാജേന്ദ്രനൊപ്പം തലസ്ഥാന നഗരത്തിൽ കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ടതോടെ ഉണ്ടായ വിവാദങ്ങൾ സച്ചിൻദേവിന്‍റെ പ്രതിച്ഛായയെ എങ്ങനെ ബാധിച്ചു എന്നു കൂടി വിലയിരുത്തിയാകും അദ്ദേഹത്തിന്‍റെ കാര്യത്തിലുള്ള തീരുമാനം. നിലവില്‍ ജനകീയ ഇമേജുള്ള നേതാവാണ് അരുണ്‍കുമാർ.

മന്ത്രിസഭയിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കാൻ തീരുമാനിച്ചാൽ ശാന്തകുമാരിക്കോ അംബികയ്ക്കോ നറുക്ക് വീഴും. എന്നാൽ, ഇപ്പോൾ തന്നെ മൂന്ന് വനിതാ മന്ത്രിമാർ ഉള്ളതിനാൽ അതിന് സാധ്യത കുറവാണ്.

രാധാകൃഷ്ണന് പകരക്കാരൻ ആരാകണം എന്നതില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് എടുക്കേണ്ടത്. നിലവിലുള്ള സാഹചര്യത്തില്‍ തീരുമാനം വൈകും. ഇനിയുളള നേതൃയോഗങ്ങളില്‍ തെരഞ്ഞെടുപ്പ് പരാജയമായിരിക്കും പ്രധാന ചർച്ചാവിഷയം.

അതേസമയം, പാർട്ടി അർഹിക്കുന്ന പരിഗണന നൽകിയിട്ടുണ്ടെന്നും അമിത ആഗ്രഹങ്ങളില്ലെന്നും പി. വി ശ്രീനിജിൻ മെട്രൊ വാർത്തയോട് പ്രതികരിച്ചു. പാർട്ടിയാണ് തീരുമാനിക്കുന്നതെന്നും പാർട്ടി പറയും പോലെ പ്രവർത്തിക്കുമെന്നും ശ്രീനിജിൻ കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.