
ചോദ‍്യപേപ്പർ ചോർച്ച കേസിൽ മുഖ‍്യ പ്രതി ഷുഹൈബ് റിമാൻഡിൽ
കോഴിക്കോട്: ചോദ‍്യപേപ്പർ ചോർച്ച കേസിൽ മുഖ‍്യപ്രതി ഷുഹൈബിനെ കോടതി റിമാൻഡ് ചെയ്തു. എംഎസ് സൊല‍്യൂഷൻസ് സിഇഒ കൂടിയായ ഷുഹൈബിനെ താമരശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച അപേക്ഷ നൽകും. മുൻകൂർ ജാമ‍്യാപേക്ഷ തള്ളിയതോടെ കഴിഞ്ഞ ദിവസം കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി ഷുഹൈബ് കീഴടങ്ങിയിരുന്നു.
അതേസമയം ചോദ‍്യ പേപ്പർ ചോർത്തി നൽകിയ അൺ എയ്ഡഡ് സ്കൂളിലെ പ‍്യൂൺ അബ്ദുൾ നാസറിന്‍റെ ജാമ‍്യാപേക്ഷ താമരശേരി കോടതി വെള്ളിയാഴ്ച തള്ളി. ചോർത്തി കിട്ടിയ ചോദ‍്യപേപ്പർ ഉപയോഗിച്ച് എംഎസ് സൊല‍്യൂഷൻസ് പ്രവചന ചോദ‍്യങ്ങൾ നൽകിയിരുന്നതായി ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വ‍്യക്തമായിരുന്നു.
ഫഹദ് എന്ന അധ‍്യാപകൻ മുഖേനയാണ് ചോദ‍്യങ്ങൾ എംഎസ് സൊല‍്യൂഷൻസിലെത്തിയിരുന്നത്. ഫഹദിന് ചോദ‍്യപേപ്പർ ചോർത്തി നൽകിയതിന് പ‍്യൂൺ അബ്ദുൾ നാസറിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പ്ലസ് വൺ സയൻസിന്‍റെ നാലു വിഷയങ്ങളാണ് ഇയാൾ ചോർത്തി നൽകിയത്. മുൻവർഷങ്ങളിലും ഇയാൾ ചോദ‍്യങ്ങൾ ചോർത്തി നൽകിയിരുന്നതായി മൊഴി നൽകിയിരുന്നു. കേസിൽ ഫഹദും മറ്റൊരു അധ‍്യാപകനായ ജിഷ്ണുവും റിമാൻഡിലാണ്.