ഷീ ഹോസ്റ്റലുകൾ വരുന്നതോടെ കൊച്ചിയിൽ സ്ത്രീകൾക്ക് സുരക്ഷിത താമസ സൗകര്യം: മന്ത്രി ആർ. ബിന്ദു

ഷീ ഹോസ്റ്റലുകൾ വരുന്നതോടെ കൊച്ചിയിൽ സ്ത്രീകൾക്ക് സുരക്ഷിത താമസ സൗകര്യം: മന്ത്രി ആർ. ബിന്ദു

ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴിൽ മേഖലയിലും ഉൾപ്പെടെ കേരളീയ സമൂഹത്തിലെ വിവിധ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുകയാണ്

കൊച്ചി : വിശാല കൊച്ചി വികസന അതോറിറ്റിയുടെ(ജിസിഡിഎ) നേതൃത്വത്തിൽ ഒരുങ്ങുന്ന ഷീ ഹോസ്റ്റൽ യാഥാർഥ്യമാകുന്നതോടെ കൊച്ചി നഗരത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷിത താമസ സൗകര്യമൊരുങ്ങുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കടവന്ത്ര മാർക്കറ്റിന് പിൻവശത്ത് ഒരുങ്ങുന്ന ഷീ ഹോസ്റ്റൽ തറക്കല്ലിടൽ ചടങ്ങ് നിർവഹിക്കുകയായിരുന്നു മന്ത്രി.

ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴിൽ മേഖലയിലും ഉൾപ്പെടെ കേരളീയ സമൂഹത്തിലെ വിവിധ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുകയാണ്. വിവിധ ആവശ്യങ്ങൾക്കായി നഗരത്തിൽ വന്നുപോകുന്ന സ്ത്രീകൾക്ക് താമസ സൗകര്യം ലഭ്യമാക്കുക പ്രധാനമാണ്. ഷീ ഹോസ്റ്റൽ യാഥാർത്ഥ്യമാകുന്നതോടെ ഇത്തരമൊരു പ്രശ്നത്തിന് പരിഹാരമാകുകയാണ്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീക്ക് ഷീ ഹോസ്റ്റൽ നടത്തിപ്പ് ഉത്തരവാദിത്തം നൽകണമെന്നും മന്ത്രി പറഞ്ഞു.

മെട്രൊ സ്റ്റേഷനിൽ ജോലിചെയ്യുന്ന ട്രാൻസ്ജെൻഡർ സുഹൃത്തുക്കൾക്ക് ഭദ്രമായ താമസസൗകര്യം ഒരുക്കി നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ജിസിഡിഎയുടെ നേതൃത്വത്തിൽ നടപ്പിലാക്കണം. സാമൂഹിക നീതി വകുപ്പിന്റെ എല്ലാവിധ പിന്തുണയും നൽകും. അനുയോജ്യമായ വാസസ്ഥലം അവർക്കായി ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.

മെട്രൊ സ്റ്റേഷനിൽ ജോലിചെയ്യുന്ന ട്രാൻസ്ജെൻഡർ സുഹൃത്തുക്കൾക്ക് അനുയോജ്യമായ താമസസൗകര്യം ഒരുക്കുന്നതിനുള്ള എല്ലാവിധ നടപടികളും സ്വീകരിക്കുമെന്ന് ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള ചടങ്ങിൽ അറിയിച്ചു.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ സമീപം സ്ഥിതി ചെയ്യുന്ന 23 സെൻ്റ് സ്ഥലത്ത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാത്രമായാണ് ഷീ ഹോസ്റ്റൽ പദ്ധതി വിഭാവനം ചെയ്യുന്നത്. രണ്ട് ഘട്ടങ്ങളിലായി 7.5 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തീകരിക്കുന്നത്. അഞ്ച് നിലകളിലായി ഒരുങ്ങുന്ന ഷീ ഹോസ്റ്റലിൽ 100 കിടക്കകൾ, അടുക്കള, ഡൈനിങ് ഹാൾ, വാർഡൻ റൂം, അഡ്മിൻ റൂം, മൾട്ടിപർപ്പസ് ഹാൾ, ലിഫ്റ്റ്, അഗ്നിശമന ഉപകരണങ്ങൾ, കാർ പാർക്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും. ഭിന്നശേഷിക്കാർക്കായി പ്രത്യേക സൗകര്യം ഒരുക്കും.

ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ടി ജെ വിനോദ് എംഎൽഎ, ജിസിഡിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ ബി സാബു, കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരായ ബിന്ദു ശിവൻ, ലതിക ടീച്ചർ, ജിസിഡിഎ സൂപ്രണ്ടിങ് എൻജിനീയർ പി ആർ ശ്രീലത, ജിസിഡിഎ സീനിയർ ടൗൺ പ്ലാനർ എം എം ഷീബ, ജിസിഡിഎ സെക്രട്ടറി ടി എൻ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com