

ആർ. ശ്രീലേഖ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. ഫെയ്സ് ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ബിജെപിയുടെ തികഞ്ഞ വിശ്വാസിയാണ് താൻ. ഒരു രാജ്യത്ത് ഒരു തെരഞ്ഞെടുപ്പിൽ നിന്ന വ്യക്തി പിന്നെ 5 കൊല്ലത്തേക്ക് നിക്കരുത്. വലിയ ചെലവാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് നിയമമാവാൻ കാലതാമസമെടുക്കും. എന്നാലത് തത്വത്തിൽ അംഗീകരിച്ച ആളാണ് താൻ.
അതുകൊണ്ട് തന്നെ ഇനിയൊരു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നില്ല. അതിനുള്ള താത്പര്യവുമില്ല, ചെലവിനുള്ള കഴിവുമില്ല. അതിനാലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനില്ലെന്ന് പറഞ്ഞത്. വ്യക്തിപരമായ ചില ആദർശങ്ങളുണ്ട്. അതിന്‍റെ പുറത്താണ് താൻ തീരുമാനങ്ങൾ എടുക്കുന്നത്. പാർട്ടിയോടുള്ള ആദരവ് നിലനിർത്തിക്കൊണ്ടാണ് തീരുമാനമെന്നും ശ്രീലേഖ പറഞ്ഞു.
അതേസമയം, തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാരുടെ ഡൽഹി യാത്രയിൽ നിന്ന് ശ്രീലേഖ വിട്ടുനിന്നു. തനിക്ക് ഈ പ്രായത്തിൽ ട്രെയിൻ യാത്ര പറ്റില്ലെന്നാണ് ശ്രീലേഖയുടെ വിശദീകരണം. ഫ്ലറ്റ് ടിക്കറ്റ് നൽകാമെന്ന് ഓഫറുണ്ടായിരുന്നെങ്കിലും വേണ്ടെന്നു പറഞ്ഞു. പണം അനാവശ്യമായി ചെലവാക്കുന്നതിനോട് യോജിപ്പില്ല. തെരഞ്ഞെടുപ്പിന് പോലും പണം ചുരുക്കിയാണ് ചെലവാക്കിയതെന്നും ശ്രീലേഖ പറഞ്ഞു. ഡൽഹിയിൽ പ്രധാനമന്ത്രിയാണ് കൗൺസിലർമാരെ വിജയാഘോഷത്തിന്‍റെ ഭാഗമായി വിരുന്നുവിളിച്ചിരിക്കുന്നത്.