

ബിജെപി നേതാവ് ആർ. ശ്രീലേഖ
File photo
തിരുവനന്തപുരം: കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ ബിജെപി കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖയുടെ വോട്ട് അസാധുവായി. നഗരാസൂത്രണ കമ്മിറ്റിയിലേക്കുള്ള വോട്ടെടുപ്പിലാണ് സാങ്കേതിക പിഴവിനെത്തുടര്‍ന്ന് വോട്ട് അസാധുവായത്. ബാലറ്റിനു പിന്നില്‍ പേരെഴുതി ഒപ്പിടണമെന്ന നിബന്ധന ശ്രീലേഖ പാലിച്ചില്ല. ഇതേത്തുടര്‍ന്നാണ് വോട്ട് അസാധുവായത്.
വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം നടത്തിയ പരിശോധനയിലാണ് വോട്ട് അസാധുവായത് വ്യക്തമായത്. കൗണ്‍സിലര്‍മാര്‍ക്ക് ഇത്തരം പിഴവുകള്‍ സംഭവിക്കുന്നത് സാധാരണമാണ്. എന്നാൽ, സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥയായിരുന്ന ആര്‍. ശ്രീലേഖയെപ്പോലൊരാള്‍ ബാലറ്റില്‍ ഒപ്പിടാന്‍ മറന്നുപോയത് സ്വാഭാവികമല്ലെന്നാണ് എതിര്‍കക്ഷികള്‍ ആരോപിക്കുന്നത്. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമാണോ ഇതെന്ന സംശയം എല്‍ഡിഎഫും യുഡിഎഫും ഉയര്‍ത്തുന്നുണ്ട്.
അതേസമയം, എട്ട് സ്ഥിരം സമിതികളില്‍ 3 സമിതികളില്‍ മാത്രമാണ് ക്വാറം തികഞ്ഞത്. മാനദണ്ഡ പ്രകാരമുള്ള അംഗങ്ങളുടെ എണ്ണം തികയാത്തതിനാല്‍ കോര്‍പറേഷനിലെ 5 സ്ഥിര സമിതികളിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് മാറ്റി. ധനകാര്യം, വികസനം, ആരോഗ്യം, മരാമത്ത്, വിദ്യാഭ്യാസ- കായിക സ്ഥിര സമിതികളുടെ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടത്തും.