
വേണ്ടത്ര ബഹുമാനിച്ചില്ല; പ്ലസ് വൺ വിദ‍്യാർഥികളെ മർദിച്ച 7 പ്ലസ് ടു വിദ‍്യാർഥികൾക്കെതിരേ കേസ്
മലപ്പുറം: പ്ലസ് വൺ വിദ‍്യാർഥിയെയും സുഹൃത്തിനെയും സീനിയർ വിദ‍്യാർഥികൾ മർദിച്ച സംഭവത്തിൽ കേസെടുത്തു. കൊണ്ടോട്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴ് പ്ലസ് ടു വിദ‍്യാർഥികൾക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. തൃപ്പനച്ചി സ്വദേശിയായ വിദ‍്യാർഥിയുടെ രക്ഷിതാവിന്‍റെ പരാതിയിലാണ് നടപടി.
കഴിഞ്ഞ ജനുവരി 15നായിരുന്നു സംഭവം. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെ ഗ്രൗണ്ടിൽ വച്ചും, ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വഴിയിൽ വച്ചും മർദിച്ചതായാണ് പരാതി.
തിരിച്ചറിയൽ കാർഡ് ഷർട്ടിന്‍റെ പോക്കറ്റിലിടാൻ പാടില്ല, മുതിർന്നവരെ ബഹുമാനിക്കണം എന്നിങ്ങനെയെല്ലാം പറഞ്ഞായിരുന്നു മർദനം.
പരുക്കേറ്റ വിദ‍്യാർഥികൾ പിന്നീട് മഞ്ചേരി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. അന്നു തന്നെ പൊലീസിൽ പരാതിയും നൽകിയിരുന്നു.
ആശുപത്രി വിട്ട് തിരിച്ച് സ്കൂളിലെത്തിയപ്പോൾ പ്ലസ് ടു വിദ‍്യാർഥികൾ ഇരുവരെയും വീണ്ടും മർദിച്ചതായാണ് രക്ഷിതാവ് പറയുന്നത്. തുടർന്ന് കൊണ്ടോട്ടി പൊലീസിൽ പരാതി നൽകുകയും ഏഴ് പ്ലസ് ടു വിദ‍്യാർഥികൾക്കെതിരേ കേസെടുക്കുകയും ചെയ്തു.