
കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന അബദുൾ റഹീം കേസിൽ സുപ്രിംകോടതി വിധി ആശ്വാസകരമെന്ന് റഹീം നിയമസഹായ സമിതി. ശിക്ഷാ നടപടികൾ പൂർത്തിയാക്കി മേയ് മാസത്തോടെ റഹീം പുറത്തിറങ്ങുമെന്ന് പ്രതീക്ഷയെന്നും സമിതി പറഞ്ഞു. കേന്ദ്ര സർക്കാരിനും സൗദി ഭരണ കൂടത്തിനും ഒപ്പം നിന്ന എല്ലാവർക്കും നിയമസഹായ സമിതി നന്ദി അറിയിച്ചു.
സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീം പ്രതിയായ കേസില്‍ കൂടുതൽ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയാണ് സുപ്രീം കോടതി ഞായറാഴ്ച തള്ളിയത്. ഹർജി തള്ളിയത്തോടെ ഇനി റഹീമിനെതിരെ മറ്റു നടപടികൾ ഉണ്ടാവില്ല. മോചനത്തിലേക്കും കാര്യങ്ങള്‍ ഇനി എളുപ്പമാകും.
2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്‍റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012ലാണ് വധശിക്ഷ വിധിച്ചത്. 2026 ഡിസംബറിൽ കേസിന് 20 വർഷം തികയും. സ്വകാര്യ അവാകാശത്തിന്‍റെ അടിസ്ഥാനത്തിൽ വിധിച്ച വധശിക്ഷയാണ് 1.5 കോടി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ദിയാധനം സ്വീകരിച്ച് വാദി ഭാഗം മാപ്പ് നൽകിയതോടെ വധശിക്ഷ ഒഴിവാകുകയായിരുന്നു.