

രാഹുൽ ഈശ്വർ
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ‍്യം. നീണ്ട 16 ദിവസം റിമാൻഡിലായതിനു ശേഷമാണ് രാഹുൽ ഈശ്വറിന് ജാമ‍്യം അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. സാക്ഷികളെ സ്വാധീനിക്കരുത് എന്നിങ്ങനെ നിശ്ചിത ഉപാധികളോടെയാണ് ജാമ‍്യം അനുവദിച്ചിരിക്കുന്നത്.
നേരത്തെ രാഹുൽ ഈശ്വറിന്‍റെ ജാമ‍്യാപേക്ഷ രണ്ടു തവണ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ‍്യൽ മജിസ്ട്രേറ്റ് തള്ളിയിരുന്നു. രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിഡിയോ ചിത്രീകരിച്ചെന്നു പറയുന്ന മൊബൈൽ ഫോൺ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും പാസ് വേഡ് നൽകാത്തതു മൂലം ലാപ് ടോപ്പ് പരിശോധിക്കാൻ കഴിഞ്ഞില്ലെന്നും പൊലീസ് നേരത്തെ വ‍്യക്തമാക്കിയിരുന്നു.