

സുധാകരനും കുടുംബവും രാഹുൽ ഗാന്ധിക്കൊപ്പം. മല്ലികാർജുൻ ഖാർഗെയും കെ.സി. വേണുഗോപാലും ഒപ്പം.
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വവുമായി ഇടഞ്ഞിരുന്ന കെ. സുധാകരനുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി. ഡൽഹിയിൽവച്ചായിരുന്നു കൂടിക്കാഴ്ച. കുടുംബവും സുധാകരനൊപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സുധാകരനെ പ്രശംസിച്ചുകൊണ്ട് രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചു.
കൊടുങ്കാറ്റിലും വെല്ലുവിളികളിലും പരീക്ഷണങ്ങളിലും കേരള ജനതയ്ക്കുവേണ്ടി പോരാടാൻ കെ. സുധാകരൻ ജീവിതകാലം ചെലവഴിച്ചു. ഒരു യഥാർഥ കോൺഗ്രസ് പോരാളിയുടെ ശക്തിയും വിശ്വസ്തതയും അദ്ദേഹത്തിനുണ്ട്. - എന്നാണ് രാഹുൽ ഗാന്ധി കുറിച്ചത്. യുഡിഎഫിൽ ഐക്യം ശക്തമാണെന്നും കേരളത്തിൽ 100 സീറ്റുകളോടെ വൻ വിജയം നേടുമെന്നും അദ്ദേഹം കുറിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാവാൻ കെ. സുധാകരൻ ആഗ്രഹിച്ചിരുന്നു. ഇതിനായി നേതൃത്വത്തിൽ കടുത്ത സമ്മർദ്ദവും ചെലുത്തി. എന്നാൽ എംപിമാർ മത്സരിക്കേണ്ട എന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിന്നു. സുധാകരൻ പാർട്ടി വിടുമെന്നും സ്വതന്ത്രനായി മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ താൻ കോൺഗ്രസിനൊപ്പം ഉറച്ചു നിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.