''എന്നെ നിരന്തരം വേട്ടയാടുന്ന ബിജെപി സർക്കാർ കേരള മുഖ്യമന്ത്രിയെ തൊടാത്തതെന്തേ...'', രാഹുൽ ഗാന്ധി

ബിജെപി സർക്കാർ കിട്ടുന്ന അവസരങ്ങളിലെല്ലാം രാജ്യത്തിന്റെ അഖണ്ഡത നശിപ്പിക്കാൻ ശ്രമിക്കുകയാണ്. മണിപ്പൂർ ഇപ്പോഴും കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്നു
''എന്നെ നിരന്തരം വേട്ടയാടുന്ന ബിജെപി സർക്കാർ കേരള മുഖ്യമന്ത്രിയെ തൊടാത്തതെന്തേ...'', രാഹുൽ ഗാന്ധി

കോട്ടയം: തന്നെ നിരന്തരമായി വേട്ടയാടുന്ന ബിജെപി സർക്കാർ കേരള മുഖ്യമന്ത്രിയെ തൊടാത്തത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രഹസ്യ ധാരണ പ്രകാരമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം കോട്ടയം തിരുനക്കര പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് താൻ. ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബിജെപിയുടെ ആശയങ്ങളോട് പോരടിക്കണം എന്ന് ആലോചിച്ചാണ്. എന്നാൽ ബിജെപി നേതാക്കൾ രാവിലെ എഴുന്നേൽക്കുന്നത് രാജ്യവുമായി എങ്ങനെ ഏറ്റുമുട്ടാം എന്ന ആലോചനയിലാണ്. അവരുടെ പ്രവൃത്തികൾ സൂചിപ്പിക്കുന്നത് അത്തരത്തിലാണ്. ബിജെപിയുമായി ആശയപരമായി സംഘട്ടനത്തിൽ ഏർപ്പെടുന്നതു കൊണ്ട് ജീവിതത്തിൽ വലിയ വില കൊടുക്കേണ്ടി വരുന്നു എന്നും രാഹുൽ പറഞ്ഞു. ഏകാധിപത്യ ശൈലിയിൽ വിശ്വസിക്കുന്ന അവർ എൻ്റെ വീട് പിടിച്ചെടുക്കുകയും പാർലമെൻറ് അംഗത്വം റദ്ദാക്കുകയും 55 ദിവസം പന്ത്രണ്ട് മണിക്കൂർ വിധം ഇ.ഡി ചോദ്യം ചെയ്യുകയും പത്രമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും ചെയ്തു. ബിജെപിയെ എതിർക്കുന്നു എന്ന് പറയുന്ന കേരള മുഖ്യമന്ത്രിക്ക് ഇതൊന്നും നേരിടേണ്ടി വന്നിട്ടില്ല എന്നും കേരള ജനത മനസിലാക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

സ്റ്റേജിലേക്ക് കടന്നു വന്നപ്പോൾ പ്രിയങ്കരനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തിയെന്നും കേരളത്തിൽ നിന്നുള്ള എം.പി എന്ന നിലയിൽ കേരളത്തേയും മലയാള ഭാഷയേയും അടുത്തു നിന്നറിയാൻ സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ഭാഷാ വൈവിധ്യം ചൂണ്ടിക്കാട്ടി രാജ്യത്തിന്റെ മഹത്തായ പാരമ്പര്യങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്രേ മോദിയുടെ വിഭാഗീയത സൃഷ്ടിക്കുന്ന നയതീരുമാനങ്ങളെ നിശിതമായി വിമർശിച്ചു. ബിജെപി സർക്കാർ കിട്ടുന്ന അവസരങ്ങളിലെല്ലാം രാജ്യത്തിന്റെ  അഖണ്ഡത നശിപ്പിക്കാൻ ശ്രമിക്കുകയാണ്. മണിപ്പൂർ ഇപ്പോഴും കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്നു. പക്ഷേ പ്രധാനമന്ത്രി നരേന്ദ്രമോദി നാളിതുവരെ അവിടെ പോയിട്ടില്ല.  പ്രധാനമന്ത്രി മണിപ്പൂരിൽ പോവുകയും അവിടുത്തെ അക്രമങ്ങൾ അവസാനിപ്പിക്കുകയും വേണം. പ്രധാനമന്ത്രി പറഞ്ഞാൽ ഇന്ത്യൻ ആർമിക്ക് വെറും 3 ദിവസത്തിനുള്ളിൽ  മണിപ്പൂരിൽ അക്രമങ്ങൾ അവസാനിപ്പിക്കാൻ സാധിക്കും. പക്ഷേ നരേന്ദ്രമോദി അത് പറയില്ല. കാരണം രാജ്യത്ത് ഇതുപോലുള്ള പ്രശ്നങ്ങൾ നിലനിന്നാൽ മാത്രമേ ഇന്ത്യ നേരിടുന്ന മറ്റു പ്രധാന പ്രശ്നങ്ങളിൽ നിന്നും രാജ്യത്തെ ജനതയെ വഴിതിരിച്ചുവിടാൻ സാധിക്കുകയുള്ളൂ എന്നും രാഹുൽ ആരോപിച്ചു.

ദേശീയ മാധ്യമങ്ങൾ പോലും രാജ്യത്തിൻറെ പ്രധാന പ്രശ്നങ്ങൾ അവതരിപ്പിക്കുന്നില്ല. ഇന്ത്യ  ഇന്ന് ഏറ്റവും അസമത്വം നേരിടുന്ന രാജ്യങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. രാജ്യത്തെ 70 ശതമാനം സാമ്പത്തിക സൗകര്യങ്ങളും വെറും 22 പേരിൽ ഒതുങ്ങിയിരിക്കുന്നു. ദിവസം 100 രൂപയിൽ താഴെ മാത്രം വരുമാനമുള്ള ദശലക്ഷക്കണക്കിന് ആൾക്കാർ തിങ്ങിപ്പാർക്കുന്ന ഇന്ത്യ എന്ന രാജ്യം ലോകശക്തി ആണെന്ന് നമുക്ക് എങ്ങനെ പറയാൻ സാധിക്കും. കർഷകർ നിരന്തരമായ സമരത്തിലാണ്. ചെറുപ്പക്കാർ ജോലിയില്ലാതെ വലയുന്നു.

ഇക്കഴിഞ്ഞ വർഷങ്ങളിൽ 200 ദശലക്ഷത്തോളം ആളുകളാണ് ദാരിദ്ര്യരേഖയ്ക്ക് താഴേയ്ക്ക് വന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ നട്ടെല്ലായ സ്ത്രീകൾക്ക് ഉന്നമനത്തിനായി നൂതന പദ്ധതികൾ നടപ്പിലാക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ സ്ത്രീകളിൽ ഒരാൾക്ക് മാസം 8500 രൂപ അല്ലെങ്കിൽ വർഷത്തിൽ ഒരു ലക്ഷം രൂപ അവരുടെ അക്കൗണ്ടിലേക്ക് നൽകും. എല്ലാ സർക്കാർ ജോലികൾക്കും വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തും. ആശ -അങ്കണവാടി  തൊഴിലാളികളുടെ വേതനം ഇരട്ടിയാക്കും. ജിഎസ്ടി ലളിതവൽക്കരിച്ച് കൂടുതൽ ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ ധാരാളം ചെറുപ്പക്കാർക്ക് ഉത്തേജനം നൽകുമെന്നും രാഹുൽ പറഞ്ഞു.

നമ്മുടെ രാജ്യത്ത് വൻ കോർപ്പറേറ്റുകൾക്ക് മാത്രം വായ്പ ലഭ്യമാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.പാവങ്ങൾക്ക് ലോൺ ഇല്ല. വിമർശനങ്ങൾ നേരിടുന്ന ബിജെപിയുടെ ആർമി റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥ് പദ്ധതി നിർത്തലാക്കും. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് നൈപുണ്യ മേഖലയിൽ പരിശീലനം നൽകി അതുവഴി ഇവർക്ക് മാസം 8500 രൂപ മാസം സ്‌റ്റെെപ്പന്റ് നൽകാനും പദ്ധതിയിലുണ്ട്. എന്നും തനിക്ക് ഈ ആശയങ്ങൾ ലഭിച്ചത് ജനങ്ങളിൽ നിന്നാണെന്നും ബ്യൂറോക്രാറ്റുകളിൽ നിന്നല്ല എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

യു.ഡി.എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ്, എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ .മോൻസ് ജോസഫ് എംഎൽഎ,  എംഎൽഎമാരായ , അനൂപ് ജേക്കബ്, മാണി സി. കാപ്പൻ , ചാണ്ടി ഉമ്മൻ,  ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, മുൻ മന്ത്രി കെ.സി ജോസഫ് , മുൻ എം.പി മാരായ പി.സി തോമസ്, ജോയി എബ്രഹാം, യു ഡി എഫ് ജില്ലാ ചെയർമാൻ ഇ.ജെ ആഗസ്തി, മുൻ എംഎൽഎ വി.പി സജീന്ദ്രൻ, റോയി. കെ.പൗലോസ്, ജോഷി ഫിലിപ്പ്, പി.എ സലീം, കുഞ്ഞ് ഇല്ലമ്പള്ളി, ഫിലിപ്പ് ജോസഫ്, യുഡിഎഫ്  സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, പ്രിൻസ് ലൂക്കോസ്, അഡ്വ.ജെയ്സൻ ജോസഫ്, അഡ്വ.ഫിൽസൺ മാത്യൂസ്‌, അസീസ് ബഡായി, ടോമി കല്ലാനി, ജോസി സെബാസ്റ്റ്യൻ, പി.ആർ സോന,, യൂജിൻ തോമസ് തുടങ്ങിയവർ  പരിപാടിയിൽ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com