

രാഹുൽ മാങ്കൂട്ടത്തിൽ
പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ‍്യോഗസ്ഥർക്കെതിരേ വെല്ലുവിളിയുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. താൻ ഉടനെ തന്നെ തിരിച്ചുവരുമെന്നു പറഞ്ഞ രാഹുൽ തന്‍റെ കൈവശം തെളിവുകളുണ്ടെന്നും പാലക്കാട് സ്വതന്ത്രനായി മത്സരിച്ചാലും വിജയിക്കുമെന്ന് കൂട്ടിച്ചേർത്തു. കേസിനെ നിയമപരമായി നേരിടുമെന്നു പറഞ്ഞ രാഹുൽ തന്നെ രാഷ്ട്രീയമായി തകർക്കാൻ സാധിക്കില്ലെന്നും പറഞ്ഞു.
മൂന്നാമത്തെ ബലാത്സംഗക്കേസിലാണ് രാഹുൽ കഴിഞ്ഞ ദിവസം അർധരാത്രിയോടെ അറസ്റ്റിലായത്. പിന്നീട് റിമാൻഡ് ചെയ്യുകയായിരുന്നു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.
രാഹുലിന്‍റെ മൊബൈൽ ഫോണിൽ ചാറ്റുകളും ദൃശൃങ്ങളും ഉള്ളതായും അവ പരിശോധിക്കണമെന്നും പരാതിക്കാരിയായ യുവതി ആവശ‍്യപ്പെട്ടിട്ടുണ്ടെങ്കിലും ഫോണിന്‍റെ ലോക്ക് അന്വേഷണ ഉദ‍്യോഗസ്ഥർക്ക് പറഞ്ഞു തരാൻ രാഹുൽ തയാറായിട്ടില്ല.
വിവാഹ വാഗ്ദാനം നൽകി തിരുവല്ലയിലെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തുവെന്നും സ്ഥിരം കുറ്റവാളിയാണ് രാഹുലെന്നും ജയിലിൽ നിന്നും പുറത്തിറങ്ങിയാൽ അതിജീവിതമാരെ അപായപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സാധ‍്യതയുണ്ടെന്നുമായിരുന്നു റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. നേരത്തെ ഉണ്ടായിരുന്ന ആദ‍്യ രണ്ടു കേസുകളിലും രാഹുലിനു ജാമ‍്യം ലഭിച്ചിരുന്നു.