

ബെംഗളൂരു: രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് ആഡംബര സൗകര്യങ്ങളോടെയെന്ന് റിപ്പോർട്ടുകൾ. ബെംഗളൂരുവിലെ അത്യാഡംബര വില്ലയിലാണ് രാഹുൽ 2 ദിവസം കഴിഞ്ഞത്. അഭിഭഷകയാണ് ഇതിനായുള്ള സൗകര്യങ്ങൾ ഒരുക്കി നൽകിയത്. ഇവിടേക്ക് ബുധനാഴ്ച വൈകിട്ട് പൊലീസ് എത്തിയെങ്കിലും അതിന് 2 മണിക്കൂർ മുൻപേ രാഹുൽ മുങ്ങിയിരുന്നു.
രാഹുലിന് കാർ നൽകുന്നതും വഴിയൊരുക്കുന്നതും റിയൽ എസ്റ്റേറ്റ് വ്യാവസായികളായ ചിലരാണെന്നാണ് പൊലീസിനു ലഭിച്ച വിവരം. സുരക്ഷ ഒരുക്കിയ പലരിലേക്കും പൊലീസ് എത്തി. ചോദ്യം ചെയ്യുകയും ചെയ്തു. രാഹുലിന് സഹായം ലഭിക്കുന്ന വഴികൾ അടച്ചാൽ മറ്റ് മാർഗമില്ലാതെ രാഹുൽ കീഴടങ്ങിയേക്കുമെന്നാണ് പൊലീസിന്‍റെ കണക്കുകൂട്ടൽ.
കഴിഞ്ഞ 9 ദിവസമായി രാഹുൽ ഒളിവിലാണ്. ഫോണുകളും കാറുകളും മാറി മാറി ഉപയോഗിച്ചാണ് രാഹുൽ സഞ്ചരിക്കുന്നത്. സിസിടിവി ക്യാമറകളില്ലാത്ത റോഡുകൾ കേന്ദ്രീകരിച്ചാണ് യാത്ര. കർണാടകയിലെ പ്രാദേശിക നേതാക്കളടക്കം രാഹുലിന് സഹായം നൽകുന്നുണ്ടെന്നാണ് വിവരം. പലപ്പോഴും രാഹുലിന്‍റെ ഒളിത്താവളം കേന്ദ്രീകരിച്ച് പൊലീസ് എത്തുമ്പോഴേക്കും രാഹുൽ അവിടെ നിന്നും പോയിരിക്കും. ഈ സാഹചര്യത്തിൽ സേനയിൽ നിന്ന് തന്നെ വിവരങ്ങൾ ചോരുന്നുണ്ടെന്ന സംശയവും പൊലീസിനുണ്ട്.