

"ഒരു മാങ്കൂട്ടം മാത്രമേ അഴിക്കുള്ളിൽ ആയിട്ടുള്ളു, അവനെക്കാൾ വിഷമുള്ള പലതും ഇപ്പോഴും പുറത്തുണ്ട്": സൗമ്യ സരിൻ
തനിക്കെതിരെ അശ്ലീല പ്രചാരണം നടത്തുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി സരിന്‍റെ ഭാര്യയും ഡിജിറ്റൽ ക്രിയേറ്ററുമായ സൗമ്യ സരിൻ. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിന് പിന്നാലെയാണ് സൗമ്യയെ അധിക്ഷേപിക്കുന്ന തരത്തിൽ ചില ഗ്രൂപ്പുകളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഇതിന്‍റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് സൗമ്യയുടെ കുറിപ്പ്.
ഒരു മാങ്കൂട്ടം മാത്രമേ അഴിക്കുള്ളിൽ ആയിട്ടുള്ളു, അവനെക്കാൾ വിഷമുള്ള പലതും ഇപ്പോഴും പുറത്തുണ്ട് എന്നാണ് സൗമ്യ കുറിച്ചത്. നിങ്ങളുടെ എതിർചേരിയിൽ ഉള്ളവരുടെ ജീവിതപങ്കാളികളായ സ്ത്രീകളെ വെച്ചു ഇത്തരം ഇക്കിളി പോസ്റ്റുകൾ പടച്ചുണ്ടാക്കിയാൽ പിന്തിരിഞ്ഞോടും എന്ന് കരുതിയോ വെട്ടുക്കിളി കൂട്ടങ്ങളെ? ഇത് സൗമ്യയും സരിനും അല്ല, രണ്ടും കൂടി ചേർന്ന 'സൗമ്യ സരിൻ' ആണ്.- സൗമ്യ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.
സൗമ്യ സരിന്‍റെ കുറിപ്പ് വായിക്കാം
അതിജീവിത എന്ന വാക്കിനോട് ഈ അധമർക്ക് പുച്ഛം ആയിരിക്കും.. പക്ഷെ എനിക്കില്ല! അവർ അതിജീവിതകൾ എന്നതിൽ ഉപരി " അപരാജിതകൾ " ആണ്. നേരിട്ട അപമാനത്തിനോട് സന്ധി ചെയ്യാത്തവർ! അതുകൊണ്ട് തന്നെ ഇവർ പടച്ചുണ്ടാക്കിയ ഈ പോസ്റ്റുകൾ ഒരു അധിക്ഷേപം ആയി ഞാൻ കണക്കാക്കുന്നതും ഇല്ല... ഇതൊരു കണ്ണാടി ആണ്... ഇവർ ഇവർക്ക് നേരെ തന്നെ പിടിച്ചിരിക്കുന്ന ഒരു കണ്ണാടി! എല്ലാവരും കാണുക... ഇവർ എന്താണെന്ന്... ഇവരുടെ വൃത്തികെട്ട മുഖവും ചിന്തകളും എന്താണെന്ന്...
ഒരു മാങ്കൂട്ടം മാത്രമേ അഴിക്കുള്ളിൽ ആയിട്ടുള്ളു... അവനെക്കാൾ വിഷമുള്ള പലതും ഇപ്പോഴും പുറത്തുണ്ട്! ജാഗ്രതയോട് കൂടി ഇരിക്കുക!
പിന്നെ, നിങ്ങളുടെ എതിർചേരിയിൽ ഉള്ളവരുടെ ജീവിതപങ്കാളികളായ സ്ത്രീകളെ വെച്ചു ഇത്തരം ഇക്കിളി പോസ്റ്റുകൾ പടച്ചുണ്ടാക്കിയാൽ പിന്തിരിഞ്ഞോടും എന്ന് കരുതിയോ വെട്ടുക്കിളി കൂട്ടങ്ങളെ? ഇത് സൗമ്യയും സരിനും അല്ല, രണ്ടും കൂടി ചേർന്ന 'സൗമ്യ സരിൻ' ആണ്! ഓർമിച്ചാൽ നിങ്ങൾക്ക് കൊള്ളാം!