

രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ചയും വാദം തുടരും. ഇരുഭാഗവും സമര്‍പ്പിച്ച രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം അതിന്മേല്‍ വാദം കൂടി കേട്ടശേഷമാകും വിധി പ്രസ്താവിക്കുക. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. അടച്ചിട്ട കോടതി മുറിയില്‍ ബുധനാഴ്ച ഒന്നര മണിക്കൂറാണ് വാദം നടന്നത്. സ്വകാര്യത മാനിച്ച് പ്രോസിക്യൂഷനും പ്രതിഭാഗവും ഒരേ ആവശ്യം ഉന്നയിച്ചതോടെയാണ് രഹസ്യമായി വിചാരണ നടത്തിയത്.
ബലാത്സംഗത്തിനും ഗർഭഛിദ്രത്തിനും തെളിവുണ്ടെന്നു പറഞ്ഞ പ്രോസിക്യൂഷൻ രാഹുലിന്‍റെ മുൻകൂർ ജാമ്യത്തെ എതിർത്തിരുന്നു. പ്രതിക്കെതിരേ നിരന്തരം സമാന പരാതികൾ ഉയരുന്നുണ്ട്. പ്രതിയെ ജാമ്യത്തിൽവിട്ടാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുള്ളതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
എന്നാൽ, പരാതി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും പൊതു ജീവിതം നശിപ്പിക്കാനാണ് നീക്കമെന്നും കോടതിയിൽ രാഹുലിന്‍റെ അഭിഭാഷകൻ വാദിച്ചു. പരസ്പര സമ്മതത്തോടെയായിരുന്നു ലൈംഗികബന്ധം. കേസിന് പിന്നില്‍ ബിജെപി-സിപിഎം ഗൂഢാലോചനയാണ്. രാഹുലിന്‍റെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ ശ്രമിക്കുന്നു. സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇപ്പോള്‍ കേസ് വന്നതെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.
മുന്‍കൂര്‍ ഹരജിയില്‍ വിധി പുറപ്പെടുവിക്കരുതെന്നുവരെ അറസ്റ്റ് തടയണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ജനപ്രതിനിധി കൂടിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലാണെന്നും, ഇതുവരെ കേസ് അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പു നല്‍കാനാവില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
പൊലീസ് റിപ്പോര്‍ട്ടിനൊപ്പം, മെഡിക്കല്‍ രേഖകള്‍, ശബ്ദരേഖകള്‍, വീഡിയോകള്‍ തുടങ്ങിയവ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അഭിഭാഷകനും ഡിജിറ്റല്‍ തെളിവുകളും വാട്‌സാപ്പ് ചാറ്റുകളും വീഡിയോകളും അടക്കം തെളിവായി സമര്‍പ്പിച്ചിരുന്നു. ഇവയെല്ലാം വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.
യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റിനുള്ള നീക്കം നടത്തിയതിന് പിന്നാലെയായിരുന്നു മുന്‍കൂര്‍ ജാമ്യഹർജിയുമായി കോടതിയെ സമീപിച്ചത്. ലൈംഗികാതിക്രമത്തിന് ഇരയായതായി യുവതി മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നൽകിയ പരാതിയിലാണ് കേസെടുത്തത്.
രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ ഒന്നാംപ്രതിയും ഗർഭഛിദ്രത്തിന് മരുന്നെത്തിച്ച മാങ്കൂട്ടത്തിലിന്‍റെ സുഹൃത്ത് പത്തനംതിട്ട അടൂർ സ്വദേശി ജോബി ജോസഫ് രണ്ടാം പ്രതിയുമാണ്. ജീവപര്യന്തം തടവുശിക്ഷവരെ കിട്ടാവുന്ന ബലാത്സംഗക്കുറ്റമാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിട്ടുള്ളത്.