

മുൻപ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനു ഹാജരായപ്പോൾ.
കാസർഗോഡ്: രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങുമെന്ന അഭ്യൂഹത്തെത്തുടർന്ന് ഹൊസ്ദുർഗ് കോടതി വളപ്പിൽ ഏർപ്പെടുത്തിയിരുന്ന വൻ പൊലീസ് സന്നാഹം പിൻവലിച്ചു. ജോലി സമയം കഴിഞ്ഞ് മണിക്കൂറുകളോളം കാത്തിരുന്ന ജഡ്ജിയും മടങ്ങിപ്പോയി. രാഹുൽ കസ്റ്റഡിയിൽ ഇല്ലെന്ന് പൊലീസും സ്ഥിരീകരിച്ചു.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കുടകിൽ ഒളിവിൽ കഴിയുകയാണെന്നും, ഹോസ്ദുർഗ് കോടതിയിൽ കീഴടങ്ങാനെത്തുമെന്നുമായിരുന്നു അഭ്യൂഹം. ഡിവൈഎസ്പി സുരേഷ് ബാബുവിന്‍റെ നേതൃത്വത്തിലാണ് ഇവിടെ വൻ പൊലീസ് സന്നാഹം ഒരുക്കിയിരുന്നത്.
കോടതി വളപ്പിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പടെയുള്ളവർ എത്തിച്ചേർന്നിരുന്നു. രാഹുൽ ജയിലിൽ പട്ടിണി കിടക്കേണ്ടി വരില്ലെന്ന പ്രഖ്യാപനവുമായി പൊതിച്ചോറുമായാണ് ഡിവൈഎഫ്ഐ പ്രവർത്തകർ എത്തിയത്. സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോർ വിതരണത്തെ രാഹുൽ മുൻപ് പരിഹസിച്ചിരുന്നു.
ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെ പ്രത‍്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു കഴിഞ്ഞെന്നും, ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കാനാണ് കൊണ്ടുവരുന്നതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്തുവന്നിരുന്നു.
ഇതിനു പിന്നാലെയാണ്, രാത്രിയോടെ, രാഹുൽ കസ്റ്റഡിയിൽ ഇല്ലെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്.