അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം

കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ഷാഫി പറമ്പിൽ പാലക്കാട്ട് നേടിയതിനെക്കാൾ കൂടുതൽ ഭൂരിപക്ഷത്തോടെ ഇത്തവണ ഉപതെരഞ്ഞെടുപ്പ് ജയിക്കാൻ രാഹുലിനു സാധിച്ചു
Rahul Mankoottathil
രാഹുൽ മാങ്കൂട്ടത്തിൽ
Updated on

പാലക്കാട്: പാർട്ടി നേതാക്കൾ പോലും അവകാശപ്പെടാതിരുന്ന ഭൂരിപക്ഷവുമായി കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിജയം. 18,724 വോട്ടിന്‍റെ ഭൂരിപക്ഷമാണ് രാഹുൽ നേടിയത്. ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ സിപിഎം സ്വതന്ത്രനായി രംഗത്തിറങ്ങിയ മുൻ കോൺഗ്രസ് നേതാവ് പി. സരിൻ മൂന്നാം സ്ഥാനത്തായി.

വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ ആവേശം നിറഞ്ഞ പാലക്കാട്ട്, ആദ്യ രണ്ട് റൗണ്ടിലും ബിജെപിക്കായിരുന്നു നേരിയ ലീഡ്. അടുത്ത രണ്ട് റൗണ്ടിൽ രാഹുൽ ആയിരത്തോളം വോട്ടിന് മുന്നിൽ കയറി. എന്നാൽ, അഞ്ചും ആറും റൗണ്ടുകളിൽ ബിജെപി വീണ്ടും ലീഡ് നേടി. പക്ഷേ, ആയിരത്തിനു മുകളിലേക്ക് ഇത് ഉയർന്നില്ല. വോട്ടെണ്ണൽ പകുതി പിന്നിട്ട ശേഷമാണ് അപരാജിത ലീഡിലേക്ക് രാഹുൽ മുന്നേറിയത്. അവസാന ഘട്ടത്തോടെ കടുത്ത പാർട്ടി അനുഭാവികൾ പോലും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷത്തിലേക്കു മുന്നേറുകയും ചെയ്തു.

2011 മുതൽ തുടർച്ചയായ മൂന്ന് തെരഞ്ഞെടുപ്പുകളിൽ ഷാഫി പറമ്പിൽ ജയിച്ച മണ്ഡലമാണ് പാലക്കാട്. ഷാഫി പാർലമെന്‍റിലേക്കു തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ഷാഫിയുടെ തന്നെ നോമിനിയായി രാഹുൽ മാങ്കൂട്ടത്തിൽ എത്തിയത് പാർട്ടിക്കുള്ളിൽ തന്നെ വലിയ എതിർപ്പുകൾക്ക് ഇടയാക്കിയിരുന്നു. പി. സരിൻ പ്രതിഷേധിച്ച് പാർട്ടി വിടുകയും ഇടതുപക്ഷ സ്ഥാനാർഥിയാകുകയും ചെയ്തു.

എന്നാൽ, കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ഷാഫി ഇവിടെ നേടിയതിനെക്കാൾ കൂടുതൽ ഭൂരിപക്ഷത്തോടെ ഇത്തവണ ഉപതെരഞ്ഞെടുപ്പ് ജയിക്കാൻ രാഹുലിനു സാധിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ഇ. ശ്രീധരനെ 3,800 വോട്ടിനാണ് ഷാഫി പരാജയപ്പെടുത്തിയത്. അതിനു മുൻപുള്ള രണ്ട് തെരഞ്ഞെടുപ്പുകളിൽ 17,400 വോട്ടിനും 7400 വോട്ടിനുമായിരുന്നു ജയം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com