റെയ്ൽ വികസനം: കേരളം സഹകരിക്കുന്നില്ലെന്ന് കേന്ദ്രം

105 മേൽപ്പാലങ്ങളുടെ പ്രവർത്തനം നിലച്ചത് സംസ്ഥാന സർക്കാരിന്‍റെ കുഴപ്പമെന്ന് കേന്ദ്ര റെയ്ൻ മന്ത്രി അശ്വിനി വൈഷ്ണവ്
റെയ്ൽ വികസനം: കേരളം സഹകരിക്കുന്നില്ലെന്ന് കേന്ദ്രം | Rail development: Centre blames Kerala

അശ്വിനി വൈഷ്ണവ്.

Updated on

ന്യൂഡൽഹി: കേരളത്തിന് അനുവദിച്ച 127 റെയ്‌ൽവേ മേൽപ്പാലങ്ങളിൽ 105 എണ്ണവും ഇഴഞ്ഞുനീങ്ങുന്നതിനു കാരണം സംസ്ഥാന സർക്കാരാണെന്നു റെയ്‌ൽ മന്ത്രി അശ്വിനി വൈഷ്ണവ്. 63 മേൽപ്പാലങ്ങളുടെ അലൈൻമെന്‍റ് പോലും സംസ്ഥാന സർക്കാർ അന്തിമമാക്കിയിട്ടില്ലെന്നും റെയ്‌ൽ വികസനത്തിനു സംസ്ഥാനത്തു ലഭിക്കുന്ന പിന്തുണയുടെ യഥാർഥ രൂപം ഇതാണെന്നും മന്ത്രി. രാജ്യസഭയിൽ റെയ്‌ൽ പദ്ധതികളെ സംബന്ധിച്ച് കോൺഗ്രസ് അംഗം ജെബി മേത്തറുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ രണ്ടു പ്രധാന മുന്നണികൾക്കും സംസ്ഥാനത്തിന്‍റെ വികസനത്തിൽ താത്പര്യമില്ല. യുഡിഎഫിനും എൽഡിഎഫിനും പരസ്പരം പോരടിക്കുന്നതിൽ മാത്രമാണു താത്പര്യം. എന്നാൽ, ഇവരുടെ പോര് വെറും പ്രഹസനമാണെന്നും ഉള്ളിൽ ഇരുകൂട്ടർക്കും യോജിപ്പാണെന്നും മന്ത്രി പറഞ്ഞു.

മുന്നണികളുടെ ഈ നിലപാട് കേരളത്തിലെ ജനങ്ങളെയാണു ബാധിക്കുന്നത്. കേരളത്തിലെ റെയ്‌ൽ ശൃംഖല വികസിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിജ്ഞാബദ്ധനാണെങ്കിലും സംസ്ഥാന സർക്കാരിൽ നിന്നു മതിയായ സഹകരണം ലഭിക്കുന്നില്ല. സംസ്ഥാന സർക്കാർ ഭൂമിയെടുത്തു നൽകാത്തതിനാൽ റെയ്‌ൽവേയുടെ അടിപ്പാത നിർമാണം തടസപ്പെട്ടിരിക്കുന്നെന്നും മന്ത്രി.

മുൻപ് വെറും 372 കോടി മാത്രമുണ്ടായിരുന്ന കേരളത്തിന്‍റെ റെയ്‌ൽ പദ്ധതി വിഹിതം ഇന്ന് 3042 കോടിയാണെന്ന് അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി. പ്രസംഗം തടസപ്പെടുത്താൻ ഇടത് എംപിമാർ ശ്രമിച്ചപ്പോൾ അവർക്ക് വികസനപ്രവർത്തനത്തെക്കുറിച്ചു കേൾക്കാൻ താത്പര്യമില്ലെന്നു മന്ത്രി പറഞ്ഞു. അങ്കമാലി -ശബരിമല റെയ്‌ൽപാതയ്ക്ക് സ്ഥലമെടുത്താക്കാൻ ഞങ്ങൾ കേരള സർക്കാരിനോട് പറഞ്ഞതാണ്. സ്ഥലം കൈമാറിയാൽ അടുത്തഘട്ടം പ്രവൃത്തി തുടങ്ങും. എന്നാൽ, ഇതിനു നടപടിയില്ല.

കേരളത്തിലെ റെയ്‌ൽ ശൃംഖല സമഗ്രമായി അഴിച്ചുപണിയാൻ കേന്ദ്രം പദ്ധതി തയാറാക്കി വരികയാണ്. കാസർഗോഡ് നിന്നു കോഴിക്കോട്ടേക്കും അവിടെ നിന്നു ഷൊർണൂരേക്കും മൂന്നും നാലും ട്രാക്കിന്‍റെ വിശദ പദ്ധതി രേഖ (ഡിപിആർ) തയാറാക്കി. ഷൊർണൂർ- എറണാകുളം മൂന്നാം ട്രാക്കിനും പദ്ധതി രേഖയായി. ഷൊർണൂർ- കോയമ്പത്തൂർ മൂന്നും നാലും ട്രാക്കുകളുടെയും എറണാകുളം- കായംകുളം മൂന്നാം ട്രാക്കിന്‍റെയും ഡിപിആർ തയാറായെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാർ വികസനത്തിനു മുഖം തിരിച്ചുനിൽക്കുന്നുവെന്ന ജെബി മേത്തറുടെ ആരോപണം സിപിഎം അംഗങ്ങളുടെ പ്രതിഷേധത്തിനിടയാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com