റെയില്‍വേ ലൈന്‍ വൈദ്യുതീകരണം: പുനലൂരില്‍ നിര്‍മിച്ച സബ്സ്റ്റേഷന്‍ കമ്മീഷൻ ചെയ്തു

കെ.എസ്.ഇ.ബിയില്‍നിന്നും 110 കെ.വി വൈദ്യുതി എത്തിച്ച്‌ 25 കെ.വി സപ്ലേ ആക്കിയാണ് ഭാവിയില്‍ ലൈനില്‍ ബന്ധിപ്പിക്കേണ്ടത്
പുനലൂരിലെ 110 കെവി റെയിൽവേ ട്രാക്‌ഷൻ സബ്സ്റ്റേഷൻ
പുനലൂരിലെ 110 കെവി റെയിൽവേ ട്രാക്‌ഷൻ സബ്സ്റ്റേഷൻ

പുനലൂർ: കൊല്ലം-ചെങ്കോട്ട റെയില്‍വേ പാതയില്‍ വൈദ്യുതീകരണത്തിനായി പുനലൂരില്‍ നിര്‍മിച്ച ട്രാൻസ്മിഷൻ സബ്സ്റ്റേഷൻ ശനിയാഴ്ച വിജയകരമായി കമ്മീഷൻ ചെയ്തു.

കൊല്ലം പെരിനാട് സബ്സ്റ്റേഷനില്‍നിന്ന് വൈദ്യുതി എത്തിച്ച്‌ 25 കെ.വി സപ്ലേ ആക്കി വൈദ്യുതി ലൈനിലേക്ക് കടത്തിവിട്ടാണ് സബ് സ്റ്റേഷൻ കമ്മീഷൻ ചെയ്തത്. കെ.എസ്.ഇ.ബിയില്‍നിന്നും 110 കെ.വി വൈദ്യുതി എത്തിച്ച്‌ 25 കെ.വി സപ്ലേ ആക്കിയാണ് ഭാവിയില്‍ ലൈനില്‍ ബന്ധിപ്പിക്കേണ്ടത്. കെ.എസ്.ഇ.ബിയുടെ വൈദ്യുതി ഇതുവരെ എത്തിയിട്ടില്ല. തെന്മല മുതല്‍ കിളികൊല്ലൂര്‍ വരെയുള്ള ഭാഗത്തേക്കാണ് ഇവിടെ നിന്നും വൈദ്യുതി നല്‍കുന്നത്. 21.6 മെഗാ വോള്‍ട്ട് ആംപിയര്‍ ശേഷിയുള്ള ട്രാൻസ്ഫോര്‍മറാണ് ട്രാക്ഷൻ സബ്സ്റ്റേഷനിലെ ഏറ്റവും വിലകൂടിയതും പ്രധാനപ്പെട്ടതുമായ ഘടകം.

ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ എൻജിനീയര്‍ എം.എസ്. റോഹന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് കമ്മീഷൻ നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. ഹൈവേയുടേയും ദേശീയപാതയുടേയും അടിയിലൂടെ റെയില്‍വേ സബ്സ്റ്റേഷനിലേക്ക് ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതിന്‍റെ സാങ്കേതിക കാര്യങ്ങള്‍ പരിശോധിച്ചു. കെ.എസ്.ഇ.ബിയുടെ പുനലൂര്‍ പവര്‍ഹൗസ് ജങ്ഷനിലുള്ള 110 കെ.വി സബ്സ്റ്റേഷനില്‍ നിന്നും മലയോര ഹൈവേ വഴിയാണ് ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നത്. വെട്ടിപ്പുഴയില്‍ ദേശീയപാത മുറിച്ചുകടന്ന് മൂര്‍ത്തിക്കാവ് വഴി 2.7 കിലോമീറ്റര്‍ നീളത്തില്‍ കേബിള്‍ സ്ഥാപിച്ചാണ് ചൗക്കയിലെ റെയില്‍വേ സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com