
എം.ബി. സന്തോഷ്
തിരുവനന്തപുരം: ഇന്ത്യൻ റെയ്ൽവേയുടെ പ്രിന്റിങ് പ്രസുകൾ അടച്ചുപൂട്ടുന്നു. അവിടങ്ങളിലെ ജീവനക്കാരെ മറ്റു വിഭാഗങ്ങളിലേക്കു പുനർവിന്യസിക്കും. റെയ്ൽവേയുടെ അച്ചടി ആവശ്യങ്ങൾ ഇനി പുറം കരാറിലൂടെ നിറവേറ്റാനാണ് നിർദേശം. പ്രധാന നഗരങ്ങളിലെ കണ്ണായ പ്രദേശങ്ങളിലെ കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമി ലേലം ചെയ്യാനുള്ള ആലോചനയും ആരംഭിച്ചിട്ടുണ്ട്.
മുംബൈയിലെ ബൈക്കുള, കൊൽക്കത്തയിലെ ഹൗറ, ഡൽഹിയിലെ ഷക്കുർബസ്തി, ചെന്നൈ റോയപുരം, തെലങ്കാനയിലെ സെക്കന്തരാബാദ് എന്നിവിടങ്ങളിലാണ് നിലവിൽ റെയ്ൽ പ്രിന്റിങ് പ്രസുകളുള്ളത്. ഇവയെല്ലാം അടച്ചുപൂട്ടാനാണ് തീരുമാനം.
അവിടങ്ങളിലെ ജീവനക്കാരെ പുനർവിന്യസിക്കാനാണ് റെയ്ൽവേ സ്റ്റോഴ്സ് ഡയറക്റ്റർ ഗൗരവ് കുമാർ ബന്ധപ്പെട്ട സോണൽ ജനറൽ മാനെജർമാർക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകിയത്. ആ പ്രസുകളിലെ ജീവനക്കാരെ അതത് റെയ്ൽവേകളിൽ നിയമിക്കുന്നതോടെ അവിടങ്ങളിലെ ഒഴിവുകൾ ഇല്ലാതാവും. ഇത് റെയ്ൽവേ നിയമനം പ്രതീക്ഷിച്ചിരുന്ന ചെറുപ്പക്കാർക്ക് തിരിച്ചടിയാണ്.
പ്രസുകളിലെ ആധുനിക അച്ചടി യന്ത്രങ്ങൾ ഉൾപ്പെടെയുള്ളവ അതത് സോണൽ റെയ്ൽവേകളിൽ പരമാവധി വില ലഭ്യമാകത്തക്കവിധം വിൽക്കണം. ഇപ്പോൾ അച്ചടി ആവശ്യമായ വിഭാഗങ്ങൾ എത്രയും പെട്ടെന്ന് ഡിജിറ്റലിലേയ്ക്ക് മാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസുകളുടെ ഭൂമി ലാഭകരമായി വിനിയോഗിക്കാനാണ് നിർദേശം.
അടച്ചുപൂട്ടുന്ന ഈ പ്രസുകൾ നൂറ്റാണ്ടിലേറെ വയസുള്ള ചരിത്രപരമായ പ്രാധാന്യമുള്ളവയാണ്. ചെന്നൈ റോയപുരം പ്രസ് 1891ലാണ് സ്ഥാപിതമായത്. ബൈക്കുളയിലേത് 1895ലാണെങ്കിൽ സെക്കന്തരാബാദിലേത് അതിനും മുമ്പാണ്.
റെയ്ൽവേയുടെ കീഴിലുള്ള 14 പ്രസുകളിൽ 9 എണ്ണം പീയുഷ് ഗോയൽ റെയ്ൽ മന്ത്രിയായിരിക്കേ അടച്ചുപൂട്ടിയിരുന്നു. അന്ന് നിലനിർത്തിയ അഞ്ചെണ്ണത്തിനാണ് ഇപ്പോൾ പൂട്ടു വീഴുന്നത്.