

തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെട്ടു. ഈ തീവ്രന്യൂനമർദം നാളെ അതിതീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാനും തുടർന്ന് ഡിസംബർ 3 ന് തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസവും മഴ തുടരുമെന്നാണ് പ്രവചനം. ഇതിൽ തന്നെ തെക്കൻ കേരളത്തിലാകും കൂടുതൽ മഴ സാധ്യതയെന്നാണ് സൂചന. അതി തീവ്രന്യൂനമർദ സാധ്യതയുടെ അടിസ്ഥാനത്തിൽ തെക്കൻ കേരളത്തിലെ 3 ജില്ലകളിൽ ഇന്ന് വൈകുന്നേരത്തോടെ യെലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇപ്പോൾ യെലോ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്.