

അതിതീവ്ര ന്യൂനമർദം; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ
file image
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോടു ചേർന്ന തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്‍റെയും കിഴക്കൻ ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദം (Depression) അതി തീവ്ര ന്യൂനമർദമായി (Deep Depression) ശക്തി പ്രാപിച്ചു.
അടുത്ത 36 മണിക്കൂറിനിടെ ഇത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലൂടെ പടിഞ്ഞാറ്–വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ജനുവരി 9-ന് (വെള്ളി) വൈകുന്നേരം / രാത്രിയോടെ ശ്രീലങ്ക തീരം ഹബൻടോട്ട (Hambantota) യ്ക്കും, കാൽമുനായിക്കും (Kalmunani) ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കൻ കേരളത്തിന് സമീപം തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. കേരളത്തിൽ ജനുവരി 8 മുതൽ 12 വരെയുള്ള തീയതികളിൽ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ജനുവരി 10 ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.
അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.