ഓഗസ്റ്റിൽ പെയ്ത മഴയിൽ 87% കുറവ്

രാജ്യത്ത് മൺസൂണിന്‍റെ വരവറിയിക്കുന്ന കേരളത്തിൽ മൂന്നു മാസം പെയ്ത മഴയിൽ 48 ശതമാനം കുറവ്
Rain drops, representative image
Rain drops, representative imageImage by tawatchai07 on Freepik

അജയൻ

രാജ്യത്ത് മൺസൂണിന്‍റെ വരവറിയിക്കുന്ന കേരളത്തിൽ ഇത്തവണ മഴയുടെ കുറവ് 48 ശതമാനം. ഓഗസ്റ്റ് അവസാനം വരെയുള്ള കണക്കാണിത്. ഓഗസ്റ്റിൽ മാത്രം 87 ശതമാനം കുറവാണ് മഴയുടെ അളവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്താകമാനമുള്ള കണക്കിലും ഓഗസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് 10 ശതമാനം കുറവ് മഴയാണ്.

ജൂൺ മുതലുള്ള മൂന്നു മാസം കേരളത്തിൽ പെയ്തത് 914.3 മില്ലീമീറ്റർ മഴയാണ്. സാധാരണഗതിയിൽ ലഭിക്കേണ്ടത് 1,759 മില്ലീമീറ്ററാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിക്കുന്നു.

ഐഎംഡിയുടെ കണക്ക് പ്രകാരം രാജ്യത്താകമാനം ഓഗസ്റ്റിൽ 10 ശതമാനമാണ് മഴ കുറഞ്ഞത്. കേരളത്തിൽ ഈ കാലയളവിൽ ലഭിച്ചത് 59.6 മില്ലീമീറ്റർ മഴ. 445.2 മില്ലീമീറ്റർ ലഭിക്കേണ്ട സ്ഥാനത്താണിത്.

പാടങ്ങൾ വിണ്ടുകീറി നെല്ല് ഉൾപ്പെടെയുള്ള കൃഷിക്ക് വിത്തിറക്കാൻ സാധിക്കാത്ത അവസ്ഥയിലായ കർഷകർക്ക് ആശ്വാസമായാണ് ഇപ്പോൾ മഴ ശക്തമാകുന്നത്. അണക്കെട്ടുകളിൽ 30 മുതൽ 50 ശതമാനം വരെ മാത്രം വെള്ളമുണ്ടായിരുന്ന അവസ്ഥയ്ക്ക് ഇത് ആശ്വാസം പകരുമെന്നു പ്രതീക്ഷിക്കുന്നു. എന്നാൽ, സീസണിലാകെ നഷ്ടമായ മഴയുടെ കുറവ് നികത്താൻ ഇപ്പോഴത്തെ മഴയ്ക്കു സാധിക്കുകയുമില്ല.

2005ൽ രാജ്യത്ത് ഓഗസ്റ്റിൽ പെയ്ത മഴ, ശരാശരിയെക്കാൾ 25 ശതമാനം കുറവായിരുന്നു. 2009ൽ 24 ശതമാനം കുറയുക മാത്രമല്ല, രാജ്യം കടുത്ത വരൾച്ചയും നേരിട്ടു.

കേരളത്തിൽ ഇത്തവണത്തെ മൺസൂൺ സീസണിൽ വലിയ ഇടവേളകളിലാണ് മഴ പെയ്തിരിക്കുന്നത്. ജലാശയങ്ങളും നെൽപ്പാടങ്ങളും വരളാൻ ഇതു കാരണമായി. ഇടവിട്ട് പെയ്ത മഴയും ഇടവേളകളുടെ നഷ്ടം നികത്താൻ പര്യാപ്തമായിട്ടില്ല. കൃഷിയെ മാത്രമല്ല, വൈദ്യുതോത്പാദനത്തെയും ഇതു കാര്യമായി ബാധിക്കുന്നു. വൈദ്യുതോത്പാദനത്തിന് ജലവൈദ്യുത പദ്ധതിയെ അമിതമായി ആശ്രയിക്കുന്ന കേരളത്തിന് ഇതു കാരണമുണ്ടാകുന്നത് വലിയ പ്രതിസന്ധിയാണ്.

ശാന്ത സമുദ്രത്തിൽ ഉപരിതല താപനില അസാധാരണമായി ഉയരുന്ന എൽ നിനോ പ്രതിഭാസമാണ് ഇന്ത്യയിൽ ഇത്തവണ മഴ കുറയാൻ കാരണമായതെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. ഇതിനു പുറമേ, അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും ഈ സീസണിലും മഴ പെയ്യാൻ സഹായകമായ സാഹചര്യങ്ങളായിരുന്നില്ല.

വടക്കുകിഴക്കൻ മൺസൂൺ, അഥവാ തുലാവർഷത്തിലാണ് ഇനി പ്രതീക്ഷ. ഇടവപ്പാതിയിൽ മഴ കുറയ്ക്കുന്ന അതേ എൽ നിനോ പ്രതിഭാസം തുലാവർഷത്തെ കൂടുതൽ ശക്തമാക്കുന്നതും പതിവാണ്.

യഥാർഥത്തിൽ കടുത്ത വേനലുള്ള സമയം കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ അറിയാതെ പോകുന്നത് ഇതേ സമയത്തു തന്നെ മൺസൂൺ എത്തുന്നതുകൊണ്ടാണ്. മഴ കുറഞ്ഞപ്പോൾ അനുഭവപ്പെടുന്ന കടുത്ത ചൂടിനു കാരണം ഈ വേനൽ തന്നെ. സംസ്ഥാനത്തെ പതിനാല് ജില്ലകലിൽ ഏഴിലും മഴ 50 ശതമാനം കുറവാണ് ലഭിച്ചിരിക്കുന്നത്. ബാക്കി ജില്ലകളിൽ 30-45 ശതമാനവും. ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയിലാണ് മഴ ഏറ്റവും കുറഞ്ഞത്, 62 ശതമാനം.

മഴക്കുറവ്, ജില്ല തിരിച്ചുള്ള കണക്ക്

ജില്ല, ലഭിച്ച മഴ (മില്ലീമീറ്ററിൽ), ലഭിക്കേണ്ട മഴ, വ്യത്യാസം എന്ന ക്രമത്തിൽ:

കാസർഗോഡ് 1728.3 2588.3 -33

കണ്ണൂർ 1572.2 2261.4 -33

വയനാട് 923.1 2214.8 -58

കോഴിക്കോട് 991.5 2285.5 -57

മലപ്പുറം 874.3 1713.4 -49

പാലക്കാട് 623.8 1359 -54

തൃശൂർ 889.3 1853 -52

എറണാകുളം 1042.3 1809.5 -42

ഇടുക്കി 836.3 2285.7 -62

ആലപ്പുഴ 928.5 1381.2 -28

കോട്ടയം 768.2 1622 -53

പത്തനംതിട്ട 864 1331.7 -35

കൊല്ലം 664.8 1040.3 -36

തിരുവനന്തപുരം 367.5 671.9 -45

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com