സംസ്ഥാനത്തെ പൊള്ളുന്ന ചൂടിന് ആശ്വാസമായി വിവിധയിടങ്ങളില്‍ മഴ

തെക്കന്‍കേരളത്തിലെയും മധ്യകേരളത്തിലെയും വിവിധ ജില്ലകളിലാണ് ശക്തമായ മഴ ലഭിച്ചത്
സംസ്ഥാനത്തെ പൊള്ളുന്ന ചൂടിന് ആശ്വാസമായി വിവിധയിടങ്ങളില്‍ മഴ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൊള്ളുന്ന വേനല്‍ച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ. തെക്കന്‍കേരളത്തിലെയും മധ്യകേരളത്തിലെയും വിവിധ ജില്ലകളിലാണ് ശക്തമായ മഴ ലഭിച്ചത്. ബംഗാൾ ഉൾക്കടലിൽ കിഴക്കൻ കാറ്റ് അനുകൂല മായി വരുന്നതിന്‍റെ ഫലമായി ശനിയാഴ്‌ചയും വേനൽമഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ.

തിരുവനന്തപുരം നഗരത്തില്‍ ഉച്ചയ്ക്ക് ഇടിയോടുകൂടി അരമണിക്കൂറോളം നീണ്ടു നിന്ന ശക്തമായ മഴയില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതേ തുടര്‍ന്ന് ഗതാഗതക്കുരുക്കുമുണ്ടായി. ഓട്ടോമാറ്റിക് വെതര്‍സ്‌റ്റേഷനുകളില്‍ രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച് തിരുവനന്തപുരം നഗരത്തില്‍ 37.5 മില്ലി മീറ്റർ മഴ ലഭിച്ചു. കിളിമാനൂര്‍ 19.5 മില്ലി മീറ്റർ, കൊല്ലം ജില്ലയിലെ മയ്യനാട് 11 മില്ലി മീറ്റർ, പുനലീൂര്‍ 11.5 മില്ലി മീറ്റർ, പത്തനംതിട്ട ജില്ലയിലെ വാഴക്കുന്നം 45.5 മില്ലി മീറ്റർ, തിരുവല്ല 20 മില്ലി മീറ്റർ, ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല 32.5 മില്ലി മീറ്റർ, കോട്ടയം കുമരകം 65.5 മില്ലി മീറ്റർ, എറണാകുളം ആലുവ 13.5 മില്ലി മീറ്റർ എന്നിങ്ങനെ മഴ ലഭിച്ചു.

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ടും നല്‍കിയിരുന്നു. അതേസമയം മഴ ലഭിക്കാത്തയിടങ്ങളില്‍ അന്തരീക്ഷതാപനില മാറ്റമില്ലാതെ തുടരുകയാണ്. ശനിയാഴ്‌ച ഏഴ് ജില്ലകളില്‍ ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ രണ്ടു മുതല്‍ നാല് ഡിഗ്രി വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട് ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കണ്ണൂര്‍ ജില്ലയില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com