Rain precaution at Kerala tourist spots
മഴ: ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണംRepresentative image

മഴ: ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം

വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നിര്‍ദേശം
Published on

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ടൂറിസം വകുപ്പിനും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകള്‍ക്കും നിര്‍ദേശം നല്‍കി. റെഡ്, ഓറഞ്ച് അലെര്‍ട്ടുകള്‍ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലും മഴ വ്യാപിക്കുന്ന സാഹചര്യത്തില്‍ സമീപ ജില്ലകളിലും ഉള്ള വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നിര്‍ദേശം.

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലകളിലും മഴ അവസാനിക്കുന്നത് വരെ നിയന്ത്രണം തുടരണം. ഇത്തരം സ്ഥലങ്ങളിലേക്കുള്ള റോഡുകളില്‍ തന്നെ മണ്ണിടിച്ചില്‍ സാധ്യത ഉള്ളയിടങ്ങളില്‍ സുരക്ഷ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ആവശ്യമായ യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം, ഇതര സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയിട്ടുള്ള സഞ്ചാരികളിലും മുന്നറിയിപ്പ് എത്തുന്നുണ്ട് എന്നുറപ്പാക്കണം.

ഏതെങ്കിലും സഞ്ചാരികള്‍ അപകടത്തില്‍ പെടുകയോ ഒറ്റപ്പെട്ടു പോവുകയോ ചെയ്താല്‍ ബന്ധപ്പെടേണ്ട അടിയന്തര നമ്പറുകള്‍ വ്യാപകമായി ടൂറിസ്റ്റുകള്‍ക്ക് ഇടയില്‍ പ്രചരിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. മുന്നറിയിപ്പ് അവസാനിക്കുന്നത് വരെ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

മലയോരമേഖലകളില്‍ രാത്രിയാത്ര പാടില്ലെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും 1.2 മീറ്റര്‍ വരെ ഉയരത്തില്‍ കടലാക്രമണത്തിനും തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും അതീവ ജാഗ്രത പാലിക്കണം. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com