തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച പൊതുവേ മഴ കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. തെക്കു പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിനു മുകളില്‍ തീവ്ര ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും ഇതിന്‍റെ ശക്തി വെള്ളിയാഴ്ചയോടെ കുറയുമെന്നാണ് കണക്കാക്കുന്നത്.
ഗുജറാത്തിൽനിന്നു കേരളത്തിലേക്കുണ്ടായിരുന്ന ന്യുനമര്‍ദപാത്തി കര്‍ണാടക വരെയായി ചുരുങ്ങിയിട്ടുമുണ്ട്. ഇത് കണക്കിലെടുത്ത് ചാറ്റല്‍മഴ സാധ്യത മാത്രമാണ് പ്രവചിക്കപ്പെടുന്നത്.
അതേസമയം, മ്യാന്മറിനും ബംഗ്ലാദേശിനും മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഇതു വീണ്ടും ശക്തമായാല്‍ മഴ ശക്തമായി തിരിച്ചെത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍.
വെള്ളിയാഴ്ച കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.