തുലാവർഷം തുണച്ചില്ല; കേരളത്തിൽ‌ 21% മഴക്കുറവ്

ഒക്റ്റോബർ മുതൽ ഡിസംബർ 31 വരെ നീളുന്ന തുലാവർഷ കലണ്ടറിൽ 491.9 മില്ലീ മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ 388.3 മില്ലീ മീറ്റർ മഴ മാത്രമാണ് ലഭിച്ചത്
rainfall kerala weather updates

തുലാവർഷം തുണച്ചില്ല; കേരളത്തിൽ‌ 21% മഴക്കുറവ്

Updated on

പി.ബി ബിച്ചു

തിരുവനന്തപുരം: പതിവായി ഇടിയോടുകൂടിയ മഴയെത്തുന്ന തുലാവർഷം ഇത്തവണ കേരളത്തെ കാര്യമായി തുണച്ചില്ല. 2025 തുലാവർഷ കലണ്ടർ ഔദ്യോഗികമായി അവസാനിച്ചപ്പോൾ കേരളത്തിൽ 21 ശതമാനമാണ് മഴക്കുറവ്. ഒക്റ്റോബർ മുതൽ ഡിസംബർ 31 വരെ നീളുന്ന തുലാവർഷ കലണ്ടറിൽ 491.9 മില്ലീ മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ 388.3 മില്ലീ മീറ്റർ മഴ മാത്രമാണ് ലഭിച്ചത്. 2023 ൽ 624.8 മില്ലീ മീറ്റർ ആയിരുന്നു ലഭിച്ചത്. അതായത് 27 ശതമാനം കൂടുതൽ.

കഴിഞ്ഞ വർഷം ഇത് 487.2 ആയിരുന്നെന്നതും ശ്രദ്ധേയമാണ്. തുലാവർഷം കണക്കാക്കുന്ന മാസങ്ങളിലെ മഴപെയ്തിലും കുറവ് വ്യക്തമാണ്. ഒക്ടോബറിൽ 10 ശതമാനം കുറഞ്ഞപ്പോൾ നവംബറിൽ കുറവ് 42 ശതമാനമായി. ഡിസംബറിലും 28 ശതമാനം കുറവാണ് രേപ്പെടുത്തിയത്. കഴിഞ്ഞ വർഷവും ഒക്ടോബർ, നവംബർ മാസങ്ങളിൽ കുറവ് മഴ യാണ് ലഭിച്ചതെങ്കിലും ഡിസംബർ ലഭിച്ച റെക്കോർഡ് മഴയാണ് തുലാവർഷ മഴയെ വെറും ഒരു ശതമാനം മാത്രം കുറവിൽ എത്തിച്ചത്. കഴിഞ്ഞ ഡിസംബർ മാസം മാത്രം 306ശതമാനം അധിക മഴയാണ് രേഖപ്പെടുത്തിയത്.

ജില്ലകളിലെ മഴക്കണക്ക് പരിശോധിച്ചാലും സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ കുറവാണ് ലഭിച്ചത്. കോട്ടയം ജില്ലയിലായിരുന്നു ഏറ്റവും കൂടുതൽ മഴപെയ്തത്. 550 മില്ലീ മീറ്റർ ആയിരുന്നു ഇവിടെ ലഭിച്ചത്. എന്നാൽ സാധാരണയേക്കാൾ നാല് ശതമാനം കുറവാണെന്നതും ശ്രദ്ധേയമാണ്. ഏറ്റവും കുറവ് മഴ പതിവ് പോലെ ലഭിച്ചത് വയനാട് ജില്ലയിലായിലും. 252 മില്ലീ മീറ്റർ. അതായത് 22 ശതമാനം കുറവ്. (യഥാർത്ഥത്തിൽ കൂടുതൽ മഴ ലഭിച്ചിട്ടുണ്ട്)

കാലവർഷത്തിലെ മഴക്കണക്കിലും ഇത്തവണ 13 ശതമാനത്തിന്‍റെ കുറവുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. ആഗോള മഴ പാത്തി ഇത്തവണ തുലവർഷ സീസണിൽ കാര്യമായി പ്രസാദിച്ചില്ല. സീസണിൽ മൂന്ന് ചുഴലിക്കാറ്റുകൾ ( ശക്തി, മോൻതാ, ഡിറ്റ് വാ ) ഉണ്ടായെങ്കിലും മോൻതാ ഒഴികെ കേരളത്തിൽ കാര്യമായ മഴ നൽകിയില്ല. കൂടാതെ ബംഗാൾ / അറബിക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദങ്ങളും ഇത്തവണ സംസ്ഥാനത്തിന് അനുകൂലമാകാതിരുന്നതും മഴ കുറയാൻ കാരണമായെന്നും കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെടുന്നു. മഴ കുറവായിരുന്നെങ്കിലും സംസ്ഥാനത്ത് ശൈത്യം പ്രതീക്ഷ തെറ്റിച്ചു, മലയോര മേഖലയിലും വടക്കന്‍ ജില്ലകളിലും ഇത്തവണ കഠിനമായിരുന്നു. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന കാറ്റിന്‍റെ ഗതിയിലുണ്ടായ മാറ്റമാണ് ഇത്തവണ വടക്കന്‍ കേരളത്തില്‍ അസാധാരണമായ തണുപ്പിന് കാരണമായിട്ടുള്ളതെന്നാണ് വിലയിരുത്തൽ. സാധാരണ തമിഴ്നാട് വഴി എത്തുന്ന കാറ്റാണ് കേരളത്തില്‍ തണുപ്പ് എത്തിക്കാറുള്ളതെങ്കില്‍, ഇത്തവണ കര്‍ണാടകയില്‍ നിന്നുള്ള കാറ്റ് വയനാട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ അതിശൈത്യത്തിന് കാരണമായി. മൂന്നാറടക്കം വിനോദ സഞ്ചാരമേഖലകളിൽ പലപ്പോഴും താപനില പൂജ്യത്തിലേക്കെത്തിയതോടെ വിനോദ സഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ വർധനവുണ്ടായിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com