'കേരള ഐഡി' പ്രഖ്യാപനം തട്ടിപ്പ്, വിഘടനവാദത്തെ തടയും: ബിജെപി

കേരളത്തിലെ ജനങ്ങൾക്ക് പ്രത്യേക തിരിച്ചറിയൽ രേഖ നൽകാനുള്ള നീക്കത്തെ നിയമപരമായി പ്രതിരോധിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
rajeev chandrasekhar against kerala government nativity card

രാജീവ് ചന്ദ്രശേഖർ

Updated on

തിരുവനന്തപുരം: കേരളത്തിലുള്ളവർക്കായി പുതിയ വ്യക്തിഗത തിരിച്ചറിയൽ കാർഡ് നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രഖ്യാപനം അപകടകരമായ വിഘടനവാദ രാഷ്‌ട്രീയത്തിന്‍റെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ.

ഭരണഘടനയ്ക്ക് അനുസൃതമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ രാജ്യത്തു നടത്തുന്ന വോട്ടർ പട്ടികാ തീവ്ര പരിഷ്ക്കരണത്തെപ്പറ്റി തെറ്റിദ്ധാരണയും ഭയവും പരത്തുന്ന മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. കേരളത്തിലെ ജനങ്ങൾക്ക് പ്രത്യേക തിരിച്ചറിയൽ രേഖ നൽകാനുള്ള നീക്കത്തെ നിയമപരമായി പ്രതിരോധിക്കും. ഫോട്ടൊ പതിപ്പിച്ച നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നടപ്പാക്കും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിഘടനവാദ സംഘടനകൾ പോലും ഉന്നയിക്കാത്തതാണ്. ജനങ്ങളിൽ അനാവശ്യമായ ഭയം വിതറി തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറച്ചുപിടിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.

ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്‍റെ ചിലയിടങ്ങളിൽ നടന്ന ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് ജനങ്ങളുടെ മനസിൽ ഭീതി പരത്തുകയാണ് മുഖ്യമന്ത്രി. പാലക്കാട്ട് നടന്ന അക്രമത്തെ ബിജെപിയുടേയും ആർഎസ്എസിന്‍റെയും തലയിൽ കെട്ടിവയ്ക്കാൻ നോക്കേണ്ട. ജനപിന്തുണ നഷ്ടമായാൽ അതു തിരിച്ചു പിടിക്കാൻ ആഗ്രഹമുണ്ടെങ്കിൽ നല്ല ഭരണം കാഴ്ചവയ്ക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ ന്യൂനപക്ഷ ജനവിഭാഗങ്ങളിൽ ആശങ്ക പരത്തുന്ന രീതി മുഖ്യമന്ത്രി പദവിക്ക് ചേർന്നതല്ല.

കേരളം കേന്ദ്രത്തിൽ നിന്നും സാമ്പത്തിക ഉപരോധം നേരിടുന്നുവെന്ന പ്രചാരണം നടത്തുന്ന മുഖ്യമന്ത്രി, തന്‍റെ ഭരണകാലത്ത് കടം വാങ്ങി മാത്രമാണു സംസ്ഥാനം മുന്നോട്ടുപോകുന്നത് എന്ന സത്യം മറച്ചുപിടിക്കുന്നു. രാജ്യത്ത് ഏറ്റവുമധികം വിലക്കയറ്റം നേരിടുന്ന സംസ്ഥാനമാണു കേരളം. ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള യാതൊരു ശ്രമങ്ങളും മുഖ്യന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല.

ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം ലീഗും പാക്കിസ്ഥാനും മാത്രമാണു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കേൾക്കുന്നത്. കോൺഗ്രസിന്‍റെ രാജ്യവിരുദ്ധ നിലപാടുകളെ രാജ്യത്തെ ജനങ്ങൾ തള്ളിക്കളയുന്നു- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com