

രാജീവ് ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനച്ചടങ്ങിലേക്ക് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖരന് ക്ഷണിച്ചത് പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ നിർദേശപ്രകാരമാണെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
രാജീവ് ചന്ദ്രശേഖറിനെ ഉള്‍പ്പെടുത്തിയത് ബിജെപി അധ്യക്ഷന്‍ എന്ന നിലയില്‍ അല്ല. പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ്. പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് ഇത്തരമൊരു കാര്യം പറയുമ്പോള്‍ നിരാകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉദ്ഘാടന ദിവസമായ വ്യാഴാഴ്ച യുഡിഎഫ് യോഗം നിശ്ചയിച്ചു. രാവിലെ 10.30ന് കോഴിക്കോടാണ് യോഗം. പ്രതിപക്ഷ നേതാവാണ് യോഗത്തിന്‍റെ അധ്യക്ഷൻ. ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നു പട്ടിക കിട്ടിയ ഉടന്‍ പ്രതിപക്ഷ നേതാവിനു കത്തയച്ചിട്ടും മറുപടി ലഭിച്ചില്ലെന്ന് മന്ത്രി പറഞ്ഞു.
ഉദ്ഘാടനവുമായി ബന്ധപ്പെട്ട് 21ന് സംഘാടകസമിതി യോഗം ചേര്‍ന്നപ്പോള്‍ എംഎല്‍എയെയും എംപിയെയും ക്ഷണിച്ചിരുന്നു. യുഡിഎഫ് പ്രതിനിധികളായ ഇരുവരും പങ്കെടുത്തില്ല. 23ന് സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനത്തിനും അവര്‍ എത്തിയില്ല. എന്നിട്ടും ഇവരുടെ പേര് ഉള്‍പ്പെടുത്തിയാണ് പട്ടിക കൊടുത്തത്. ഇതിൽ രാഷ്ട്രീയം നോക്കിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിനെ ചടങ്ങിലേക്ക് ക്ഷണിച്ചു എന്ന് വരുത്തുകയായിരുന്നു സർക്കാർ എന്നാണ് കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും പൊതുവികാരം.
അപമാനിക്കാനുള്ള സർക്കാർ നീക്കത്തിന് നിന്നു കൊടുക്കേണ്ടെന്നാണ് തീരുമാനം. പ്രതിപക്ഷനേതാവിനെ ഉദ്ഘാടനത്തിലേക്ക് ക്ഷണിക്കാത്തത് വിവാദമായതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം സർക്കാർ ക്ഷണിച്ചതെന്നുമാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്.