
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ രാജീവ് ചന്ദ്രശേഖറിന്‍റെ റീൽസ് ചിത്രീകരണം
തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്ര വളപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്‍റെ റീൽസ് ചിത്രീകരണം. നടപ്പന്തലിലും ദീപസ്തംഭത്തിനു മുന്നിലും നിന്നുള്ള വീഡിയോകൾ ചിത്രീകരിച്ചാണ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വിവാഹങ്ങൾക്കും ആചാരപരമായ കാര്യങ്ങൾക്കും മാത്രമേ നടപ്പന്തലിൽ വീഡിയോ ചിത്രീകരിക്കാവൂ എന്നായിരുന്നു ഹൈക്കോടതി വിധി. ഇത് ലംഘിച്ചാണ് രാജീവ് ചന്ദ്രശേഖറിന്‍റെ റീൽസ് ചിത്രീകരണം.
മുൻപ് നടപ്പന്തലിൽ കേക്ക് മുറിച്ച് റീൽസെടുത്ത ജസ്ന സലിമിനെതിരേ വലിയ വിമർശനം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
സെലിബ്രിറ്റികളോ വ്ളോഗർമാരോ ആരും തന്നെ ഇത്തരത്തിൽ വീഡിയോ ചിത്രീകരിക്കുകയോ സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുകയോ ചെയ്യരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.