രാജ്യസഭാ സീറ്റുകൾ സിപിഎമ്മിനും കേരള കോൺഗ്രസ് എമ്മിനും?

തെരഞ്ഞെടുപ്പ് ഫലം കൂടി കണക്കിലെടുത്താവും തീരുമാനം
രാജ്യസഭാ സീറ്റുകൾ സിപിഎമ്മിനും കേരള കോൺഗ്രസ് എമ്മിനും?

എം.ബി. സന്തോഷ്

തിരുവനന്തപുരം: എൽഡിഎഫിന് ജയിക്കാവുന്ന രാജ്യസഭാ സീറ്റുകൾ സിപിഎമ്മിനും കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിനുമെന്ന് സൂചന. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഒഴിയുന്ന എൽഡിഎഫിലെ രണ്ടാം രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് ലഭിച്ചേക്കും. ഒഴിവുവരുന്ന രണ്ടിൽ ആദ്യ സീറ്റ് സിപിഎമ്മിനു തന്നെ ആവാനാണ് സാധ്യത.

ബിനോയ് വിശ്വത്തിനു പുറമെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എന്നിവരുടെ രാജ്യസഭാ കാലാവധിയാണ് കഴിയുന്നത്.

ബിനോയ് വിശ്വത്തിന്‍റെ സീറ്റ് എന്ന നിലയിൽ സിപിഐ പരസ്യമായി അവകാശവാദം ഉന്നയിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ബിനോയ് വിശ്വത്തിന് എതിരാളിയാവുമെന്ന് കരുതിയിരുന്ന ദേശീയ എക്സിക്യൂട്ടീവ് അംഗം പ്രകാശ് ബാബുവിനായാണ് സിപിഐ രാജ്യസഭാ സീറ്റ് ആവശ്യപ്പെടുന്നത്. എന്നാൽ 2 വർഷം മുമ്പ് സിപിഐക്ക് രാജ്യസഭാ സീറ്റ് നൽകിയ സാഹചര്യത്തിൽ ഇത്തവണ സാധ്യത കുറവാണെന്നാണ് എൽഡിഎഫ് വൃത്തങ്ങൾ നൽകുന്ന സൂചന. അത്തവണ സിപിഐ പ്രതിനിധി രാജ്യസഭയിൽനിന്ന് വിരമിച്ചിട്ടില്ലായിരുന്നു. എ.കെ. ആന്‍റണി, കെ. സോമപ്രസാദ്, എം.വി. ശ്രേയാംസ് കുമാർ എന്നിവർ ഒഴിഞ്ഞപ്പോൾ എ.എ. റഹിം, പി. സന്തോഷ് കുമാര്‍, ജെബി മേത്തര്‍ എന്നിവർ രാജ്യസഭാംഗങ്ങളാവുകയായിരുന്നു.

അതനുസരിച്ചാണെങ്കിൽ ആർജെഡിക്കാണ് ഇത്തവണ കൂടുതൽ പരിഗണന കിട്ടേണ്ടത്. സംസ്ഥാന പ്രസിഡന്‍റ് ശ്രേയാംസ് കുമാർ അവകാശവാദം ഉന്നയിച്ചിട്ടുമുണ്ട്. എന്നാൽ, എൽഡിഎഫ് രീതി വലിയ കക്ഷികൾക്ക് ആദ്യ പരിഗണന എന്നതാണ്. അതനുസരിച്ച് സിപിഐയ്ക്ക് കഴിഞ്ഞ തവണ സീറ്റു നൽകിയ സാഹചര്യത്തിൽ മുന്നണിയിലെ അടുത്ത വലിയ കക്ഷിയായ കേരളാ കോൺഗ്രസ് എമ്മിന്‍റെ വാദം അംഗീകരിക്കാനാണ് സാധ്യത.

ഇതിനിടെ, കാർഷിക കടാശ്വാസ കമ്മിഷൻ അധ്യക്ഷ സ്ഥാനം കാബിനറ്റ് റാങ്കോടെ ജോസ് കെ. മാണിക്ക് നൽകി രാജ്യസഭാ സീറ്റ് അവകാശവാദത്തിൽനിന്ന് പിന്മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ രാജ്യസഭാ എംപി സ്ഥാനം ആർജെഡിക്ക് കിട്ടാൻ വഴിയൊരുങ്ങും.

ഇന്ത്യ മുന്നണിക്ക് ഭരണം കിട്ടുകയാണെങ്കിൽ ജോസ് കെ. മാണിക്കും എം.വി. ശ്രേയാംസ് കുമാറിനും കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കാനിടയുണ്ട്. അതിനാൽ തെരഞ്ഞെടുപ്പ് ഫലം കൂടി കണക്കിലെടുത്താവും രാജ്യസഭാ എംപി സ്ഥാനത്തിൽ തീരുമാനം. യുഡിഎഫിന് ജയിക്കാവുന്ന രാജ്യസഭാ സീറ്റ് മുസ്‌ലിം ലീഗിനാണ്.

Trending

No stories found.

Latest News

No stories found.