
തിരുവനന്തപുരം : എഐ ക്യാമറ അഴിമതിയിലെ തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയണമെന്നു രമേശ് ചെന്നിത്തല. അതു വൈകാതെ പുറത്തു വരുമെന്നും, മുഖ്യമന്ത്രി ഒരക്ഷരം പോലും മിണ്ടാത്തതിന്‍റെ കാരണമെന്തെന്നും രമേശ് ചെന്നിത്തല ചോദിച്ചു. താൻ ഉന്നയിച്ച ആരോപണങ്ങൾ സത്യമാണെന്നു തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
സാങ്കേതിക പരിജ്ഞാനമില്ലാത്ത കമ്പനിയാണ് എസ്ഐആർടി. സാങ്കേതികശേഷി പരിശോധിക്കാതെ കരാർ നൽകിയതു കൊണ്ടാണു ഉപകരാർ കൊടുക്കേണ്ടി വന്നത്. ഉപകരാർ ലഭിച്ച മൂന്നു കമ്പനികളും കടലാസ് കമ്പനികളാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പാവപ്പെട്ട ജനങ്ങളിൽ നിന്നും പിഴിഞ്ഞുണ്ടാക്കുന്ന പണം, സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കാൻ നൽകുന്ന അവസ്ഥയാണ്. ചട്ടലംഘനങ്ങളുളള പദ്ധതി അംഗീകരിച്ച നിലപാട് ക്യാബിനറ്റ് എടുത്തത് അംഗീകരിക്കാൻ കഴിയില്ല. ജനകീയ ഗവൺമെന്‍റ് ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ പാടില്ലാത്തതാണിതെന്നും ചെന്നിത്തല പറഞ്ഞു.
ഒരേ പാറ്റേണിലുള്ള അഴിമതിയാണു നടക്കുന്നത്. ഇഷ്ടക്കാർക്കും സ്വന്തക്കാർക്കും വേണ്ടിയുള്ള അഴിമതിയാണു കേരളത്തിൽ. ഭരണത്തെ ഇടനിലക്കാരും ബിനാമികളും നിയന്ത്രിക്കുന്ന അവസ്ഥ. എല്ലാ അധികാരവും മുഖ്യമന്ത്രിയിൽ കേന്ദ്രീകരിക്കുകയാണെന്നും, ഇത് ഏകാധിപത്യത്തിലേക്കും അരാജകത്വത്തിലേക്കും നയിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.