രാഷ്ട്രീയ പകപോക്കലിനില്ല, എങ്ങനെ പ്രവർത്തിക്കണമെന്ന് സർക്കാരിനറിയാം; മാസപ്പടി കേസിൽ മാത്യുകുഴൽനാടനെ തള്ളി ചെന്നിത്തല

കേസില്‍ സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്നും സര്‍ക്കാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാമെന്നും ചെന്നിത്തല പ്രതികരിച്ചു
ramesh chennithala against mathew kuzhalnadan on masappadi case

രമേശ് ചെന്നിത്തല

Updated on: 

തിരുവനന്തപുരം: സിഎംആര്‍എല്‍ - എക്‌സാലോജിക് കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ തള്ളി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്നും സര്‍ക്കാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാമെന്നും ചെന്നിത്തല പ്രതികരിച്ചു.

ആൾക്കാർക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, പക്ഷേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വളരെ പക്വമായ നിലപാടാണ് സ്വീകരിച്ചത്. രാഷ്ട്രീയമായ പ്രതികാരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇഡി സംസ്ഥാന പൊലീസ് മേധാവിക്കാണ് കത്ത് നല്‍കിയത്. ഇത് ഡിജിപി ആഭ്യന്തരസെക്രട്ടറിക്കും, തുടര്‍ന്ന് സര്‍ക്കാരിനും കൈമാറി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി. പ്രാഥമികാന്വേഷണം നടത്തി തീരുമാനിക്കപ്പെടേണ്ടതാണെന്നാണ് നിയമോപദേശം ലഭിച്ചത്.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടയെന്ന് ഒരിടത്തും ആരും പറഞ്ഞിട്ടില്ല. ലളിതകുമാരി കേസില്‍ 5 കാര്യങ്ങളില്‍ പ്രാഥമികാന്വേഷണം നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതിന് സമാനമാണ് ഈ കേസ്. അതുകൊണ്ടാണ് സര്‍ക്കാര്‍ പ്രാഥമികാന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്നും അതിനിടെയാണ് ഹൈക്കോടതിയുടെ ഇടപെടലെന്നും ചെന്നിത്തല പറഞ്ഞു.

ഇക്കാര്യത്തിൽ സർക്കാരിന് തെറ്റുപറ്റിയെന്ന പ്രചരണം വേണ്ട. സർക്കാരിന് യാതൊരു തെറ്റും സംഭവിച്ചിട്ടില്ല. സത്യസന്ധമായ പ്രവർത്തനങ്ങളാണ് സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. രാഷ്ട്രീയ പകപോക്കലിന് സർക്കാർ ശ്രമിച്ചിട്ടില്ല, ശ്രമിക്കുകയുമില്ല. സർക്കാരിന്‍റെ ഭാഗത്ത് തന്നെയായിരുന്നു ശരിയെന്നും ചെന്നിത്തല വ്യക്തമാക്കി.

സര്‍ക്കാരിന് നിയമ ഉപദേശകര്‍ കൊടുത്ത നിയമോപദേശം തെറ്റാണെന്ന് രണ്ടു കോടതി വിധികളോടെ വ്യക്തമായിരിക്കുകയാണെന്നായിരുന്നു മാത്യു കുഴല്‍നാടന്‍ പറഞ്ഞത്. സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്നാണ് കരുതുന്നതെന്നും ആദ്യം പ്രാഥമികാന്വേഷണം നടത്താമെന്ന നിലപാട് സിംഗിള്‍ ബെഞ്ച് വ്യക്തതയോടെ തള്ളിയതോടെ, സര്‍ക്കാര്‍ ആ നിലപാട് തിരുത്താന്‍ ബുദ്ധിമുട്ട് ഉണ്ടാകേണ്ടതില്ലെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞിരുന്നു.

logo
Metro Vaartha
www.metrovaartha.com